ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അല്ലെങ്കില്‍ ക്വാഡ് എന്ന പേരില്‍ കൂടുതല്‍ അറിയപ്പെടുന്നത് ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ്. 2004ലെ സുനാമി എന്ന അന്താരാഷ്‌ട്ര ദുരന്തമാണ് അതിന്‍റെ ഇരകള്‍ക്ക് മനുഷ്യത്വപരമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി ഇത്തരം ഒരു സംയുക്ത സംഘത്തിന് രൂപം കൊടുക്കാൻ കാരണമായത്. 2007 മുതല്‍ ഈ ആശയം കടലാസില്‍ മാത്രം ഒതുങ്ങിയതായിരുന്നു. എന്നാല്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണോത്സുകമായ നിലപാടുകള്‍ ഈ ആശയത്തിന് ജീവന്‍ വെപ്പിക്കുകയും അത് ക്വാഡ് ഉയർന്നു വരുന്നതിലേക്ക് നയിക്കുകയും ചെയ്തു. 2017 മുതല്‍ ഇതുവരെ വിവിധ തലങ്ങളില്‍ അതിവിശാലമായ രീതിയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമാണ് ഈ തന്ത്രപരമായ വേദി.
ഈ നാലു രാജ്യങ്ങളുടേയും തലവന്മാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ ചൈനയുടെ പേര് എടുത്തു പറയുന്നില്ല. എന്നാല്‍ ആ പ്രഖ്യാപനം തങ്ങളുടെ അജണ്ട വളരെ അധികം വ്യക്തമാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ "വസുദൈവ കുടുംബകം" അല്ലെങ്കില്‍ "ലോകമേ തറവാട്" എന്ന തത്വശാസ്ത്രപരമായ വീക്ഷണത്തില്‍ ഊന്നി കൊണ്ടാണ് ക്വാഡിനെ സ്വാഗതം ചെയ്തത്. കൊറോണ പ്രതിരോധ മരുന്ന് സംബന്ധിച്ച് ഇന്ത്യ എടുക്കുന്ന മുന്‍കൈകളും കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ രാജ്യം നടത്തുന്ന ഇടപെടലുകളും പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതുമെല്ലാം ആഗോള തലത്തില്‍ ഇന്ത്യക്ക് അഭിനന്ദനം നേടി കൊടുക്കുന്ന ഫലമുളവാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ക്വാഡ് രാജ്യങ്ങളുടെ തലവന്മാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ കൊവിഡ്-19 പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സഹകരണമുണ്ടാക്കുന്നതിനും, കാലാവസ്ഥാ മാറ്റം, നിര്‍ണായകമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങള്‍ എന്നിവയ്‌ക്കുമായി നടപടികള്‍ എടുക്കുന്നതിനു വേണ്ട ഒരു സംഘത്തിന് രൂപം നല്‍കണമെന്ന് ആഹ്വാനം ചെയ്യുന്നു.
46.3 കോടി ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ കയറ്റുമതി ചെയ്യുവാനും വിതരണം ചെയ്യുവാനുമായി ചൈന തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഇന്‍ഡോ-പസഫിക് മേഖലയിലുള്ള 24 രാജ്യങ്ങളിലേക്കായി 100 കോടി ഡോസ് പ്രതിരോധ മരുന്നാണ് ക്വാഡ് വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നത്. യുഎസ്സില്‍ നിന്നുള്ള അറിവിന്‍റെയും ജപ്പാനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തിന്‍റെയും ഓസ്‌ട്രേലിയ ലഭ്യമാക്കുന്ന ഗതാഗത സൗകര്യങ്ങളുടേയും പിന്‍ബലത്തിലൂടെ 100 കോടി ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ നിര്‍മിക്കുവാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഭാവിയിലെ സാങ്കേതിക വികസനങ്ങള്‍ സംയുക്ത താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ സഹായിക്കുന്നതായി തീരണമെന്ന തീരുമാനം ക്വാഡ് എടുത്തിട്ടുണ്ട്. സാമ്പത്തികമായും വാണിജ്യപരമായും സൈനികപരമായും ശക്തരായി മാറിയിരിക്കുന്ന ചൈനയുടെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ശക്തമായ ഒരു ചുവടുവെപ്പ് തന്നെയാണ് ക്വാഡ് എന്ന് ഉറപ്പാണ്.