മോസ്കോ: ഹൈപ്പർസോണിക് ആയുധങ്ങൾ വിന്യസിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ മാറിയെന്ന് പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ. മുൻ സൈനിക മേധാവികളുമായി നടത്തിയ നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പുടിൻ. ശീതയുദ്ധകാലത്ത്, അണുബോംബ് രൂപകൽപ്പന ചെയ്യുന്നതിലും ബോംബുകളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും നിർമ്മിക്കുന്നതിലും സോവിയറ്റ് യൂണിയൻ അമേരിക്കയ്ക്ക് പിന്നിലായിരുന്നുവെന്ന് പുടിൻ അഭിപ്രായപ്പെട്ടു. എന്നാൽ അടുത്ത കാലത്തായി അത്യാധുനിക ആയുധങ്ങൾ അവതരിപ്പിച്ചതോടെ ലോകത്തിലെ മറ്റ് സൈനിക ശക്തികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകാൻ റഷ്യക്ക് കഴിഞ്ഞുവെന്നും ഏതു യുദ്ധത്തെയും നേരിടാനുള്ള ആധുനിക ആയുധങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഹൈപ്പർസോണിക് ആയുധങ്ങൾ വിന്യസിക്കുന്ന ഏക രാജ്യം റഷ്യ; വ്‌ളാഡിമർ പുടിൻ - ലോകത്തിലെ ഏക രാജ്യം റഷ്യ
ഏതു യുദ്ധത്തെയും നേരിടാനുള്ള ആധുനിക ആയുധങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന് പുടിൻ.
റഷ്യയ്ക്ക് ഭാവി ആയുധങ്ങൾ ആവശ്യമുണ്ട്. കാരണം ലോകം ഗുരുതരമായ വെല്ലുവിളികളെയും ഭീഷണികളെയും അഭിമുഖീകരിക്കുന്നുണ്ട്. സൈനിക സാങ്കേതികവിദ്യകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രദേശത്ത് കടുത്ത മത്സരത്തിന് അവസരമൊരുക്കുന്നുണ്ടെന്നും പുടിൻ വിശദീകരിച്ചു. റഷ്യൻ അതിർത്തിക്കടുത്തെ നാറ്റോ സേനകളുടെ വെല്ലുവിളികളും ബഹിരാകാശത്തെ സൈനികവൽക്കരിക്കാനുള്ള ശ്രമങ്ങളും കാര്യമായ ആശങ്കകൾക്ക് കാരണമാകുമെന്ന് റഷ്യൻ രാഷ്ട്രത്തലവൻ പറഞ്ഞു.
സിലോ അധിഷ്ഠിത ഐസിബിഎമ്മുകൾ അവതരിപ്പിച്ച റഷ്യ ഇതിനകം തന്നെ അവാൻഗാർഡ് ഹൈപ്പർസോണിക് ഗ്ലൈഡർ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. വിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻസാൽ ഹൈപ്പർസോണിക് മിസൈലുകളും പൊതുജനങ്ങൾക്ക് കാണിച്ചുകൊടുത്തു. ശബ്‌ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ നിലവിലുള്ള ആയുധങ്ങളെ മറികടക്കാൻ ഈ ആയുധങ്ങൾക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. കപ്പൽ അധിഷ്ഠിത സിർക്കോൺ ഹൈപ്പർസോണിക് സിസ്റ്റത്തിന്‍റെ ജോലികളും നടക്കുന്നുണ്ട്.