മോസ്‌കോ:ആണവായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നിർദേശം. റഷ്യക്കുമേൽ യുഎസ്, യുകെ, യുറോപ്യൻ യൂണിയൻ സാമ്പത്തിക പ്രതിരോധം ഉൾപ്പടെ ശക്തമാക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഭീതിവിതക്കുന്ന തീരുമാനം. റഷ്യൻ പ്രതിരോധ മന്ത്രിക്കും മിലിട്ടറി ഡിഫൻസ് സ്റ്റാഫ് മേധാവിക്കുമാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേ സമയം ബെലാറസിൽ ചർച്ചയാകാമെന്ന റഷ്യയുടെ ആവശ്യം യുക്രൈൻ അംഗീകരിച്ചതായി റിപ്പോർട്ടുകൾ വന്നു. യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കി ബെലാറസ് പ്രസിഡന്‍റുമായി ചർച്ച നടത്തി. ഈ ചർച്ചക്ക് ശേഷമാണ് ബെലാറസിൽ ചർച്ചയാകാമെന്ന തീരുമാനത്തിലെത്തിയത്.
ബെലാറൂസിൽ ചർച്ചയാകാമെന്ന റഷ്യൻ വാഗ്‌ദാനത്തെ യുക്രൈൻ ആദ്യം നിരസിക്കുകയായിരുന്നു. പകരം നാറ്റോ രാജ്യങ്ങളിൽ ചർച്ചയാകാമെന്നായിരുന്നു യുക്രൈന്‍റെ നിലപാട്. റഷ്യയുമായി സമാധാന ചർച്ചകൾക്ക് തന്‍റെ രാജ്യം തയ്യാറാണെന്നും എന്നാൽ റഷ്യന്‍ അധിനിവേശത്തിന് കളമൊരുക്കിയ ബെലാറസിൽ വച്ച് ചർച്ചക്ക് തയ്യാറല്ലെന്നുമായിരുന്നു യുക്രൈൻ ആദ്യം നിലപാട് സ്വീകരിച്ചത്.