യാങ്കോൺ: മ്യാൻമറിലെ സംഘര്‍ഷത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്‌ട്ര സഭയെ സമീപിച്ച് പ്രതിഷേധക്കാര്‍. തങ്ങളുടെ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കാനും സൈനിക ഭരണം മാറ്റാനും സഹായം അഭ്യർഥിച്ച് യാങ്കോണിലെ ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് മുന്നില്‍ പ്രതിഷേധക്കാര്‍ അണിനിരന്നു. അഞ്ഞൂറോളം പേരാണ് മുദ്രാവാക്യങ്ങളുമായി സംഘടിച്ചെത്തിയത്. അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഐക്യരാഷ്‌ട്രസഭ ശക്തമായി ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യം. സൈന്യം തടവിലാക്കിയ നേതാക്കളെ പുറത്തെത്തിക്കണം. രാജ്യത്ത് ജനാധിപത്യം തിരികെ കൊണ്ടുവരണം അത് മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
മ്യാൻമര്‍ സൈനിക അട്ടിമറി; ഐക്യരാഷ്‌ട്ര സഭയെ സമീപിച്ച് പ്രതിഷേധക്കാര്‍
സൈന്യം തടവിലാക്കിയ നേതാക്കളെ പുറത്തെത്തിക്കണം. രാജ്യത്ത് ജനാധിപത്യം തിരികെ കൊണ്ടുവരണം അത് മാത്രമാണ് ഞങ്ങളുടെ ആവശ്യമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
സൈന്യത്തിനെതിരെ കര്‍ശന നിലപാടാണ് ഐക്യരാഷ്‌ട്രസഭ സ്വീകരിച്ചത്. സൈന്യം കസ്റ്റഡിയിലെടുത്ത ആങ് സാൻ സൂചിയെയും മറ്റ് മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതി ആവശ്യപ്പെട്ടു. മ്യാൻമറിലെ ജനാധിപത്യ പരിഷ്‌കാരങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകേണ്ടതിന്‍റെ ആവശ്യകത, ജനാധിപത്യ സ്ഥാപനങ്ങളെയും പ്രവർത്തനങ്ങളെയും ഉയർത്തി പിടിക്കുക, അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക, മനുഷ്യാവകാശങ്ങൾ, മൗലിക സ്വാതന്ത്ര്യങ്ങൾ എന്നിവയെ പൂർണമായി ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങൾ സുരക്ഷാ സമിതി എടുത്തുപറഞ്ഞിരുന്നു. മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലും സമിതി ആശങ്ക പ്രകടിപ്പിച്ചു. സൂചിയെയും അറസ്റ്റിലായ മറ്റ് നേതാക്കളെയും ഉടൻ മോചിപ്പിക്കണമെന്ന് യുഎന്നിന്‍റെ ഉന്നത മനുഷ്യാവകാശ സമിതി വെള്ളിയാഴ്ച സമവായ പ്രമേയം പാസാക്കിയിരുന്നു.
ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.