ഇന്ത്യൻ ലോബി പാകിസ്ഥാനെതിരെ കഥ മെനയുന്നുവെന്ന് പാക് പ്രധാനമന്ത്രി - പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇന്ത്യൻ ലോബിയുടെ ശക്തമായ ഇടപെടല്‍ കാരണം യുഎസിന് പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇസ്ലാമാബാദ്: യു.എസിലെ ഇന്ത്യൻ ലോബിയാണ് പാകിസ്ഥാനെതിരെ കുപ്രചരണങ്ങള്‍ നടത്തുന്നതെന്നും ഇത് പാകിസ്ഥാനും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് പാകിസ്ഥാൻ ഡിസന്‍റ് ഓഫ് നോർത്ത് അമേരിക്കയുടെ (എപിപിഎൻഎ) യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഖാൻ.
ഇപ്പോള്‍ യുഎസിലുള്ള ഇന്ത്യൻ ലോബി പാകിസ്ഥാനെക്കാള്‍ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് യുഎസിന് പാകിസ്ഥാനോടുള്ള സമീപനത്തില്‍ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതൊഴിവാക്കാൻ യുഎസിലെ ഇന്ത്യൻ ലോബിയെ നേരിടാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി എ.പി.പി.എൻ.എയോട് ആവശ്യപ്പെട്ടു.
കശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും ഇന്ത്യയുടെ പൗരത്വ നിയമത്തെ വിമർശിക്കുകയാണെന്നും ഖാൻ കൂട്ടിച്ചേര്‍ത്തു.