മനില: ഫിലിപ്പീന്‍സിന്‍റെ തലസ്ഥാനമായ മനിലയിലെ താല്‍ അഗ്നിപർവതത്തില്‍ നിന്നുള്ള ചാരവും പുകയും ശമിച്ചുതുടങ്ങിയതോടെ അപകട മുന്നറിയിപ്പ് നില താഴ്‌ത്തി. ഇതിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറായി. അപകട മുന്നറിയിപ്പ് നില കുറച്ചെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിക്കാനിടയുണ്ടെന്നും ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്‍ഡ് സീസ്‌മോളജി വിഭാഗം മേധാവി അറിയിച്ചു.
താല്‍ അഗ്നിപര്‍വത സ്‌ഫോടനം; അപകട മുന്നറിയിപ്പ് നില താഴ്‌ത്തി - ഫിലിപ്പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്‍ഡ് സീസ്‌മോളജി
വീടുകളിലേക്ക് മടങ്ങാന്‍ തയ്യാറായി മൂന്ന് ലക്ഷത്തിലധികം ജനങ്ങൾ
ജനുവരി 12നായിരുന്നു മനിലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ താല്‍ അഗ്നി പര്‍വതത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നുതുടങ്ങിയത്. അഞ്ച് നൂറ്റാണ്ടിനിടെ താൽ അഗ്നിപർവതം 30 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. 1977ലായിരുന്നു ഏറ്റവുമൊടുവിൽ പൊട്ടിത്തെറിച്ചത്. ഏതാണ്ട് നാല് ലക്ഷത്തോളം ജനങ്ങളാണ് അഗ്നിപര്‍വതത്തില്‍ നിന്നുയര്‍ന്ന ചാരം മൂലം താലിന് സമീപം സ്ഥിതി ചെയ്യുന്ന ബടാംഗാസ് നഗരത്തില്‍ നിന്നും പലായനം ചെയ്‌തത്. അപകടസ്ഥിതി കണക്കിലെടുത്ത് മനില വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിരുന്നു. ലോകത്തിലെ മിക്ക ഭൂകമ്പങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളും നടക്കുന്ന ദുർബല പ്രദേശമായ 'പസഫിക് റിങ് ഓഫ് ഫയർ' എന്ന സ്ഥലത്താണ് ഫിലിപ്പൈൻ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.