ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ആളെ പൊലീസ് സ്റ്റേഷനിൽ കയറി ആക്രമിച്ച് ഗ്രാമവാസികള്‍. ഗോൽറ പൊലീസ് സ്റ്റേഷനിൽ ഡസൻ കണക്കിന് ഗ്രാമവാസികൾ ആക്രമണം നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്റ്റേഷന്‍ കാവൽക്കാരെ മറികടന്ന് ഗ്രാമവാസികൾ അകത്ത് പ്രവേശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെയും സ്റ്റേഷൻ ഹൗസ് ഓഫീസറുടെയും (എസ്എച്ച്ഒ) ഓഫീസുകൾ നശിപ്പിക്കുകയും ചെയ്തു.
പൊലീസ് പ്രതിരോധം
പൊലീസുകാരും പ്രതികളും ലോക്കപ്പിനുള്ളില്‍ പ്രവേശിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും, മറ്റ് പൊലീസ് സംഘത്തിന്‍റെ സഹായം തേടുകയും ചെയ്തു. വിവരം ലഭിച്ചതോടെ തീവ്രവാദ വിരുദ്ധ വകുപ്പ്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് എന്നിവരുൾപ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയതായി പാക്കിസ്ഥാന്‍ മാധ്യമം റിപ്പോർട്ട് ചെയ്തു. ടിയർഗാസ് പ്രയോഗത്തിലൂടെയും ഷെല്ലാക്രമണത്തിലൂടെയും പ്രതിഷേധക്കാരായ ഗ്രാമീണരെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഒഴിപ്പിച്ചത്. എത്ര പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മതനിന്ദ നടത്തിയ കേസില്‍ അറസ്റ്റിലായ ആളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.