ഇസ്ലാമബാദ്: മുൻ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം-ഫസലിന്‍റെ (ജെ.യു.ഐ-എഫ്) നേതാവും പുരോഹിതനുമായ മുഫ്തി അസീസ് ഉർ റഹ്മാനെയും മക്കളെയും ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. മദ്രസ വിദ്യാർഥിയെ മുഫ്തി അസീസ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്നാണ് ഇയാളെയും മക്കളെയും അറസ്റ്റ് ചെയ്തത്.
വീഡിയോ പുറത്തായതിനെ തുടർന്ന് ഇയാളും മക്കളും ഒളിവിലായിരുന്നു. വിദ്യാർഥിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് റഹ്മാന്‍റെ മക്കളെ അറസ്റ്റ് ചെയ്‌തത്.
റഹ്മാൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും റഹ്മാന്‍റെ മക്കൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, നീതി ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും മദ്രസ വിദ്യാർഥി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയിരുന്നു.
ALSO READ:''ഇന്ത്യയുമായുള്ള അനുരഞ്ജനം ആഗ്രഹിച്ചു, കശ്‌മീര്‍ വിഷയം വഴിമുടക്കി'': പാക് വിദേശകാര്യ മന്ത്രി
വീഡിയോ പുറത്തായ ശേഷം മുഫ്തി റഹ്മാന്‍റെ അംഗത്വം പാർട്ടി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും അന്വേഷണം അവസാനിക്കുന്നതുവരെ ഇത് തുടരുമെന്നും ജിയുഐ-എഫ് ലാഹോർ സെക്രട്ടറി ജനറൽ അറിയിച്ചു. അതേസമയം, റഹ്മാനെ അറസ്റ്റ് ചെയ്തിട്ടും പാകിസ്ഥാനിലെ മതസംഘടനകളുടെ നിശബ്ദതക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.