വാഷിംഗ്‌ടണ്‍: ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ റിപ്പോര്‍ട്ട്. ധനസമാഹരണത്തിൽ നിന്നും നിയമനങ്ങളിൽ നിന്നും ഇവയെ തടയുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭീകരസംഘടനകള്‍ 2018 ല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള രാഷ്ട്രീയ അനുരഞ്ജനത്തിന് പാകിസ്ഥാന്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. എങ്കിലും ഭീകരവാദ സംഘടനകളെ അമര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന് ആയിട്ടില്ലെന്ന് 2018 ലെ ഭീകരവാദ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യുഎസ് വ്യക്തമാക്തി. അഫ്‌ഗാനിസ്ഥാനിലെ യുഎസ്, അഫ്‌ഗാനിസ്ഥാന്‍ സേനകളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്നും പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സുരക്ഷിത താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭീകര സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്ന് യുഎസ് - യുഎസ് റിപ്പോർട്ട്
രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി ഭീകരവാദ സംഘടനകള്‍ 2018 ല്‍ പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് യുഎസ് റിപ്പോര്‍ട്ട്
പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി പരസ്യമായി ബന്ധമുള്ള സ്ഥാനാർഥികളെ അനുവദിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് റിപ്പോർട്ടിൽ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെയും അപകടങ്ങളുടെയും എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, പാകിസ്ഥാൻ 2018 ൽ നിരവധി തീവ്രവാദ ഭീഷണികൾ നേരിട്ടു. പാകിസ്ഥാനിൽ ആക്രമണം നടത്താൻ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന തീവ്രവാദ ഗ്രൂപ്പുകളിൽ തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ജമാഅത്ത് ഉൽ അഹ്‌റാർ (ജുഎ), ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഖൊറാസാൻ പ്രവിശ്യ (ഐസിസ്-കെ), വിഭാഗീയ ഗ്രൂപ്പായ ലഷ്‌കർ-ഇ ജാങ്‌വി അൽ അലാമി എന്നിവർ ഉൾപ്പെടുന്നു.