ഇസ്ലാമാബാദ്:2008 ല്‍ മുംബൈയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളില്‍ ഇന്ത്യ ജീവനോടെ പിടിക്കുകയും പിന്നീട് വധശിക്ഷയ്‌ക്ക് വിധേയനാക്കുകയും ചെയ്‌ത അജ്‌മല്‍ കസബിനെ സിഖുകാരനെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങള്‍. കസബ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരനാണെന്നും പ്രചാരണം നടക്കുന്നുണ്ട്. കസബിനെ സംബന്ധിച്ച ഒരു പഴയ വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണങ്ങള്‍ പുരോഗമിക്കുന്നത്. പാകിസ്ഥാനിലെ വലതുപക്ഷ നേതാവായ സെയ്‌ദ് ഹമീദാണ് വീഡിയോയിലുള്ളത്. കസബിന്‍റെ ചിത്രം ഉയര്‍ത്തിക്കാട്ടി, ഇയാള്‍ പാകിസ്ഥാന്‍ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയിബയിലെ അംഗമാണെന്നും, അമര്‍ സിങ് എന്നു പേരുള്ള സിഖുക്കാരനായ ഇയാള്‍ ഇന്ത്യന്‍ ചാരനാണെന്നുമാണ് സെയ്‌ദ് ഹമീദ് വീഡിയോയില്‍ പറയുന്നത്.
കസബിനെ സിഖുകാരനായ ഇന്ത്യന്‍ ചാരനാക്കി പാകിസ്ഥാനിലെ സമൂഹ മാധ്യമങ്ങള്‍ - അജ്‌മല്‍ കസബ്
പാകിസ്ഥാനിലെ വലതുപക്ഷ നേതാവായ സെയ്‌ദ് ഹമീദിന്‍റെ വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം. മുംബൈയില്‍ ആക്രമണം നടത്തിയ മറ്റൊരു തീവ്രവാദിയായ ഇസ്‌മായില്‍ ഖാനും ഇന്ത്യന്‍ ചാരനാണെന്നാണ് വീഡിയോയിലുള്ളത്
പാകിസ്ഥാനിലെ സിഖ് ന്യൂനപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഹമീദിന്‍റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. പാക് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും രൂക്ഷമായ അവഗണനകള്‍ നേരിടുന്ന സമൂഹമാണ് പാകിസ്ഥാനിലെ സിഖ് വംശജര്‍. കഴിഞ്ഞ സെപ്‌റ്റംബറില്‍ ജാഗ്‌ജിത് കൗറില്‍ വച്ച് ഒരു സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുസ്ലീം യുവാവ് പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ചിരുന്നു. തീവ്രവാദികളുടെയും വിഘടനവാദികളുടെയും പ്രധാന ഒളിത്താവളമായ ഇസ്ലാമാബാദില്‍ സിഖുകാർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന കേസുകൾ തുടര്‍ക്കഥയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി ഇരിക്കുമ്പോഴാണ് അതിക്രമങ്ങള്‍ അവര്‍ത്തിക്കുന്നത്. കര്‍ത്താര്‍പ്പൂര്‍ ഇടനാഴി തുറന്ന് രാജ്യം സിഖുകാര്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഇമ്രാൻ ഖാന്‍ പ്രഖ്യാപിക്കുമ്പോഴും, മറുവശത്ത് യാതൊരു സുരക്ഷയും, സമാധാനവുമില്ലാതെയാണ് പാക് മണ്ണിലെ സിഖ് വംശജരുടെ ജീവിതം.
സിഖുകാര്‍ക്കായി ഖലിസ്ഥാന്‍ രാജ്യം വേണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുന്ന വിഘടനവാദികള്‍ക്ക് പാകിസ്ഥാന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് സിഖുകാര്‍ക്കുള്ള പിന്തുണയായി പാകിസ്ഥാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ അത് സിഖുകാരുടെ നന്മയ്‌ക്ക് വേണ്ടിയല്ലെന്നും അവരെ ഇന്ത്യയ്‌ക്കെതിരായ ഒരു ആയുധമായാക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നുമാണ് യാഥാര്‍ഥ്യം. കസബ് ഇന്ത്യന്‍ ചാരനാണെന്ന് ഇന്ത്യയ്‌ക്ക് അറിയാമായിരുന്നുവെന്നും അതിനാലാണ് ആദ്യം കസബിനെ വധിക്കാതെ അറസ്റ്റ് ചെയ്‌തതെന്നും, പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ സെയ്‌ദ് ഹമീദ് പറയുന്നുണ്ട്. സംഭവം വലിയ ശ്രദ്ധ നേടിയതോടെയാണ് കസബിനെ ഇന്ത്യ വധിച്ചതെന്നും ഹമീദ് പറയുന്നു. രാജ്യം കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണമാണ് 2008 നവംബര്‍ 26 ന് മുംബൈയില്‍ നടന്നത്. നാല് ദിവസം നീണ്ടുനിന്ന ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും, 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.