ഇസ്ലാമാബാദ്:പാകിസ്ഥാനില്‍ 4896 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്‌ത കേസുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 89,249 ആയി. 1838 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം 24 മണിക്കൂറിനുള്ളില്‍ 68 പേരാണ് രാജ്യത്ത് മരിച്ചത്. 31,198 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയിട്ടുണ്ട്. ഈദ് അവധിക്കു ശേഷവും, ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടും കൂടി തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.
പാകിസ്ഥാനില്‍ 4896 പേര്‍ക്ക് കൂടി കൊവിഡ്
പാകിസ്ഥാനില്‍ സമീപ ദിവസങ്ങളിലായി റെക്കോര്‍ഡ് വര്‍ധനയാണ് കൊവിഡ് കേസുകളിലുണ്ടാവുന്നത്. ഇതുവരെ 89,249 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
സിന്ധ് പ്രവിശ്യയില്‍ നിന്ന് 33,536 പേര്‍ക്കും,പഞ്ചാബ് പ്രവിശ്യയില്‍ നിന്ന്് 33,144 പേര്‍ക്കും, പാക്‌തുന്‍ക്വായില്‍ നിന്ന് 11,890 പേര്‍ക്കും ബലൂചിസ്ഥാനില്‍ നിന്ന് 5582 പേര്‍ക്കും ഇസ്ലാമാബാദില്‍ നിന്ന് 3946 പേര്‍ക്കും ഗില്‍ജിത്ത് ബലൂചിസ്ഥാനില്‍ നിന്ന് 852 പേര്‍ക്കും പാക് അഥീന കശ്‌മീരില്‍ നിന്ന് 299 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 638,323 സാമ്പിളുകളാണ് പരിശോധനയ്‌ക്കയച്ചത്. 24 മണിക്കൂറിനിടെ 22,812 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. കൊവിഡ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്ന് പ്രത്യേകം യോഗം കൂടും. സെനറ്റ് സെഷന്‍ രാവിലെയും നാഷണല്‍ അസംബ്ലി യോഗം ഉച്ചയ്‌ക്ക് ശേഷവുമാണ് നിശ്ചയിച്ചിരിക്കുന്നത്.