ഇസ്ലാമാബാദ്: ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ താൽക്കാലിക സർക്കാർ രൂപീകരിക്കാനും അതിനായി പൊതുതെരഞ്ഞെടുപ്പ് നടത്താനും ഉള്ള ഉത്തരവ് പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് ആൽവി പുറപ്പെടുവിച്ചു. ഇവിടെ തെരഞ്ഞെടുപ്പ് നടത്താൻ ഏപ്രിൽ 30ന് പാകിസ്ഥാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ആരിഫ് ആൽവിയുടെ പ്രഖ്യാപനവും. നിയമനിർമാണം നടത്താൻ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് അധികാരം ലഭിക്കുന്നതുൾപ്പടെ 2018ലെ ഭരണപരമായ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് പൊതുതെരഞ്ഞെടുപ്പ് നടത്തുന്നത്. എന്നാൽ, സുപ്രീം കോടതിയുടെ ഈ തീരുമാനത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഗിൽജിത്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പാകിസ്ഥാൻ സർക്കാരിനോ ജുഡീഷ്യറിക്കോ യാതൊരു അധികാരവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനെ അറിയിച്ചു.
ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ പൊതുതെരഞ്ഞെടുപ്പിന് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ ഉത്തരവ് - സയ്യിദ് ജാഫർ ഷാ
ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യയിൽ താൽക്കാലിക ഗവൺമെന്‍റിനെ രൂപീകരിക്കാനും അതിനായി പൊതുതെരഞ്ഞെടുപ്പ് നടത്താനും പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് ആൽവി ഉത്തരവിട്ടു. ഇവിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നതാണ്
എന്നാൽ, ശനിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്‍റ് ആരിഫ് ആൽവി നിർദേശിക്കുന്നു. ഗിൽജിത്-ബാൾട്ടിസ്ഥാനിലെ നിലവിലുള്ള നിയമസഭ ഈ വർഷം ജൂൺ 24ന് അഞ്ചു വർഷം പൂർത്തിയാക്കും. അതിനാൽ ഇവിടുത്തെ നിയമസഭാ തെരഞ്ഞെടുപ്പ് യഥാസമയം നടത്തുമെന്നും അതിനായുള്ള ഒരുക്കങ്ങൾ വരുന്ന രണ്ടു മാസങ്ങൾക്കുള്ളിൽ താൽക്കാലിക ഗവൺമെന്‍റ് പൂർത്തിയാക്കുമെന്നുമാണ് ഈ മേഖലയിലെ ഭരണകക്ഷിയായ പാകിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രസിഡന്‍റ് സയ്യിദ് ജാഫർ ഷാ വിശദീകരിച്ചത്. കൂടാതെ, പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യമാണെങ്കിൽ താൽക്കാലിക സർക്കാരിന്‍റെ കാലാവധി നീട്ടുന്നതിന് നിയമം അനുശാസിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊവിഡ്- 19 തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കില്ല. എന്നിരുന്നാലും, ഈ സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സയ്യിദ് ഷാ കൂട്ടിച്ചേർത്തു.