ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൻ ജാദവിന്‍റെ ശിക്ഷാവിധി പുനഃപരിശോധിക്കാനാവശ്യപ്പെട്ട സർക്കാർ ബില്ലിന് പാകിസ്ഥാൻ പാർലമെന്‍ററി പാനൽ അംഗീകാരം നൽകി. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശങ്ങൾ പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത ഫെഡറൽ ലോ ജസ്റ്റിസ് മന്ത്രി ഫറോഗ് നസീം പറഞ്ഞു. ബിൽ പാർലമെന്‍റ് അംഗീകരിച്ചില്ലെങ്കിൽ, ഐസിജെയുടെ വിധി പാലിക്കാത്തതിന് പാകിസ്ഥാന് ഉപരോധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധനാ ബില്ലിന് പാക് പാർലമെന്‍റ് അംഗീകാരം നൽകി - ഫെഡറൽ ലോ ജസ്റ്റിസ് മന്ത്രി ഫറോഗ് നസീം
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദേശങ്ങൾ പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത ഫെഡറൽ ലോ ജസ്റ്റിസ് മന്ത്രി ഫറോഗ് നസീം പറഞ്ഞു.
ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി വിരമിച്ച ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ ജാദവിനെ 2017 ഏപ്രിലിലാണ് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ജാദവിന്‍റെ ശിക്ഷ സംബന്ധിച്ച് പാകിസ്ഥാൻ അവലോകനം നടത്തണമെന്നും കൂടുതൽ കാലതാമസമില്ലാതെ ഇന്ത്യയിലേക്ക് കോൺസുലർ പ്രവേശനം നൽകണമെന്നും ഹേഗ് ആസ്ഥാനമായുള്ള ഐസിജെ 2019 ജൂലൈയിൽ വിധിച്ചു. എന്നാൽ, പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി.പി.പി), ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെ.യു.ഐ-എഫ്) എന്നിവയിലെ സമിതി അംഗങ്ങൾ ബിൽ നിരസിക്കാൻ ചെയർമാൻ റിയാസ് ഫത്യാനയോട് അഭ്യർത്ഥിച്ചു.
ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫിന്‍റെ (പി.ടി.ഐ) അംഗമായ ഫത്യാന വോട്ടിംഗിലൂടെ പ്രശ്‌നം പരിഹരിക്കാൻ തീരുമാനിച്ചു. എട്ട് അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ എതിർത്തു. അതേസമയം, ഐസിജെ വിധി പ്രകാരം ഇന്ത്യയോ ജാദവോ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജാദവിന്‍റെ വധശിക്ഷ പുനഃപരിശോധിച്ച കേസിൽ ജാദവിനെ പ്രതിനിധീകരിച്ച് അഭിഭാഷകനെ നിയമിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ഒക്ടോബർ 6ന് പാകിസ്ഥാൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ഉറപ്പാക്കാൻ ജാദവിനായി ഒരു ഇന്ത്യൻ അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ നിരസിച്ചിരുന്നു.