ലാഹോർ: പാകിസ്ഥാനിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് നേതാവ് ഷെഹ്ബാസ് ഷെരീഫിനെതിരായുള്ള അന്വേഷണത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് പാര്‍ട്ടി വക്താവ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരന്‍ കൂടിയായ ഷെഹ്ബാസിനെതിരായി പ്രധാനമന്ത്രി അന്വേഷണ ഏജൻസികളെ നാണംകെട്ട രീതിയില്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് പി.എം.എൽ-എൻ ഇൻഫർമേഷൻ സെക്രട്ടറി മറിയം ഔറംഗസേബ് ആരോപിച്ചു.
''പഞ്ചസാര അഴിമതി മറയ്ക്കാന്‍, അന്വേഷണം''
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) ഷെഹ്‌ബാസിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ ഏജന്‍സി ഇമ്രാൻ ഖാന് അയച്ച നോട്ടീസ് തെറ്റായി ഷെഹ്ബാസിന് കിട്ടിയതാണെന്നും പാർട്ടി വക്താവ് ചൊവ്വാഴ്ച പ്രസ്താവനയിലൂടെ പരിഹസിച്ചു.
വിദഗ്‌ധരുടെ ഉപദേശത്തിന് വിരുദ്ധമായി പഞ്ചസാര ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങള്‍ ഒപ്പുവെച്ചത് പാകിസ്ഥാൻ പ്രധാനമന്ത്രിയാണ്. ഇത് വിലക്കയറ്റത്തിനും ലഭ്യതക്കുറവിനും കാരണമായെന്നും ഔറാംഗസേബ് പറഞ്ഞു. വിഷയത്തില്‍, കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടന്നത്.
അഴിമതിയെ തുടര്‍ന്ന് പഞ്ചസാരയുടെ വില കിലോഗ്രാമിന് 52 രൂപയിൽ നിന്ന് 120 രൂപയായി ഉയരാൻ കാരണമായി. ഈ വിഷയം മറച്ചുവെയ്ക്കാനാണ് ഷെഹ്ബാസിന് അനാവശ്യമായി കൃത്യമായി കാര്യം കാണിക്കാതെ അന്വേഷണ നോട്ടീസ് നൽകിയതെന്നും മറിയം ഉന്നയിച്ചു.
സ്വയം രക്ഷിക്കാനും രാഷ്ട്രീയ എതിരാളികളെ ഇരയാക്കാനും ഇമ്രാൻ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുന്നതിന്‍റെ തെളിവാണ് ഇത്. പ്രധാനമന്ത്രി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും അവര്‍ കുറിപ്പില്‍ വിശേഷിപ്പിച്ചു.
ALSO READ:ഫ്രാൻസ് അൺലോക്കിലേക്ക്; പൊതു ഇടങ്ങളിൽ ഇനി മാസ്ക് വേണ്ട!