ലാഹോർ: തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയ കേസിൽ മുംബൈ ആക്രമണ സൂത്രധാരനും ജമാഅത്ത് ഉദ്-ദവ മേധാവിയുമായ ഹാഫിസ് സയീദിന്‍റെ വിചാരണ ഡിസംബർ 16ലേക്ക് മാറ്റി. തീവ്രവാദ വിരുദ്ധ കോടതിയാണ് (എടിസി) രാജ്യവ്യാപകമായി അഭിഭാഷകരുടെ പണിമുടക്ക് മൂലം വിചാരണ മാറ്റിയത്.
സെയ്ദിനെയും അദ്ദേഹത്തിന്‍റെ മുൻ സഹായികളായ ഹാഫിസ് അബ്ദുൽ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്‌റഫ്, സഫർ ഇക്ബാൽ എന്നിവർക്കെതിരെയും തീവ്രവാദ കുറ്റം ചുമത്തിയിരുന്നു. തീവ്രവാദ കേസുകളിൽ നടപടി സ്വീകരിക്കാൻ പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ സമ്മർദമുണ്ടായിരുന്നു.
കോട്ട് ലഖ്പത് ജയിലിൽ തടവിലാക്കപ്പെട്ട സയീദിനും കൂട്ടാളികൾക്കും എതിരെ സാക്ഷികളെ ഹാജരാക്കാനുള്ള പ്രോസിക്യൂഷൻ ശ്രമം കഴിഞ്ഞ മൂന്ന് ദിവസമായി തടസപ്പെട്ടിരുന്നു. ലാഹോറിലെ ആശുപത്രിയിൽ നടന്ന പ്രശ്നത്തിൽ ഒരു അഭിഭാഷകനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അഭിഭാഷകർ പണിമുടക്ക് ആരംഭിച്ചത്.
സയീദും മറ്റുള്ളവരും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്നതിന് ശക്തമായ തെളിവുകൾ പഞ്ചാബ് പൊലീസിന്‍റെ തീവ്രവാദ വകുപ്പിന് (സിടിഡി) പക്കലുണ്ടെന്ന് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ ജനറൽ പഞ്ചാബ് അബ്ദുർ റൗഫ് കോടതിയെ അറിയിച്ചിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ തീവ്രവാദത്തിനായി ധനസഹായം നൽകി എന്നാരോപിച്ച് സയീദിനും കൂട്ടാളികൾക്കുമെതിരെ സിടിഡി 23 എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ജൂലൈ 17ന് സയീദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളാണ് ഹാഫിസ് സയീദ് അടക്കമുള്ളവര്‍ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.
തീവ്രവാദ ഫണ്ടിങ് നിയന്ത്രിക്കണമെന്ന അന്താരാഷ്ട്ര സമ്മർദങ്ങൾ പാകിസ്ഥാനെതിരെ നിലനിൽക്കവെയാണ് സയീദിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. സാമ്പത്തികരംഗത്ത് സുതാര്യത ഉറപ്പുവരുത്താന്‍ രൂപംനല്‍കിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പാകിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാക്‌സ് ഫോഴ്‌സ് വിലയിരുത്തിയിരുന്നു.