റാഫേൽ ആയുധപൂജ; രാജ്‌നാഥ് സിങിനെ പിന്തുണച്ച് പാകിസ്ഥാൻ സൈനിക വക്താവ് - റാഫേൽ ആയുധപൂജ
"പൂജ നടത്തിയതിൽ തെറ്റൊന്നുമില്ല. മതപരമായ പ്രവർത്തികളെല്ലാംതന്നെ ബഹുമാനമർഹിക്കുന്നത്" എന്നാണ് പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ ട്വീറ്റിൽ പറയുന്നത്.
ഇസ്‌ലാമാബാദ്: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ വിവാദപരമായ ശാസ്‌ത്രപൂജയെ പിന്തുണച്ച് പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ രംഗത്തെത്തി. വ്യാഴാഴ്‌ചയാണ് ആസിഫ് ഗഫൂർ പൂജയെക്കുറിച്ച് ട്വിറ്ററിൽ എഴുതിയത്. "ഫ്രാൻസിൽ റാഫേൽ വിമാനം ഏറ്റുവാങ്ങിയതിനെത്തുടർന്ന് പൂജ നടത്തിയതിൽ തെറ്റൊന്നും കാണാനില്ല. മതപരമായ പ്രവർത്തികളെല്ലാം തന്നെ ബഹുമാനമർഹിക്കുന്നതാണ്. യന്ത്രങ്ങളുടെ പ്രവർത്തനം കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ കഴിവ്, അഭിനിവേശം, നിശ്ചയദാര്‍ഢ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു" എന്നാണ് ആസിഫ് ഗഫൂർ ട്വീറ്റിൽ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പിരിമുറുക്കം കൂടിയ സാഹചര്യത്തിലാണ് ആസിഫ് ഗഫൂറിന്‍റെ ഈ പരാമർശം.