വാഷിങ്‌ടണ്‍: ഏറെ നാളത്തെ ആശങ്കള്‍ക്ക് വിരാമം. നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബി ഭൂമിയില്‍ പതിച്ചതായി റിപ്പോർട്ട്. ആളപായമോ മറ്റ് അപകടങ്ങളോ സൃഷ്‌ടിക്കാതെ ഇന്ത്യൻ മഹാസമുദ്രത്തില്‍ റോക്കറ്റ് പതിച്ചെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മാലി ദ്വീപിനോട് ചേര്‍ന്നാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമെന്നും ഉണ്ടായിട്ടില്ല.
100 അടി നീളവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്‍റെ ഭൂമിയിലേക്കുള്ള വരവ് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ആശങ്ക സൃഷ്‌ടിച്ചിരുന്നു. ഇന്ന് രാവിലെ റോക്കറ്റ് സൗദി അറേബ്യൻ ആകാശത്ത് കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഭൂമിയിലെത്തുന്നതിന് മുമ്പ് റോക്കറ്റ് കത്തി തീരുമെന്നും, ഭൂമിയിലെത്തിയാല്‍ തന്നെ കടലിലായിരിക്കും പതിക്കുകയെന്നും ചൈന വാദിച്ചിരുന്നു.