സിയോൾ :ചാര ഉപഗ്രഹത്തിൽ സ്ഥാപിക്കാനുള്ള ക്യാമറകൾ പരീക്ഷിച്ചതായി ഉത്തര കൊറിയ. പ്യോങ്‌യാങ്ങില്‍ നിന്നും കിഴക്ക്‌മാറി സുനാന്‍ കടല്‍ത്തീരത്ത് ഞായറാഴ്‌ച രാവിലെ രാജ്യം ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയ വാര്‍ത്ത വന്നിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കാതെ, ക്യാമറ പരീക്ഷണത്തെക്കുറിച്ച് ഭരണകൂടമാധ്യമം വാര്‍ത്ത പുറത്തുവിട്ടത്.
ശത്രുസങ്കേതങ്ങളുടെ പരിശോധന നടത്താനാണ് ചാര ഉപഗ്രഹത്തിൽ ക്യാമറകൾ സ്ഥാപിച്ചത്. ഭൂമിയുടെ ഒരു പ്രത്യേക പ്രദേശത്തിന്‍റെ കുത്തനെയുള്ളതും ചരിഞ്ഞതുമായ ഫോട്ടോ പകര്‍ത്താനാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹിരാകാശത്ത് നിന്ന് എടുത്തതായി തോന്നിക്കുന്ന കൊറിയൻ പെനിൻസുലയുടെ ചിത്രങ്ങളും സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടു. ഉത്തര കൊറിയൻ മാധ്യമം പുറത്തുവിട്ട ചിത്രങ്ങളുടെ സാങ്കേതിക വിശദാംശങ്ങളെക്കുറിച്ച് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തു.