സോൾ :അമേരിക്കയുമായുള്ള ആണവ ചർച്ചകളിൽ നീണ്ട മരവിപ്പ് നിലനിൽക്കെ, ആയുധ പരീക്ഷണങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്‌യാങ്ങിന്‍റെ സമീപപ്രദേശത്ത് നിന്ന് വിക്ഷേപിച്ച മിസൈൽ, 560 കിലോമീറ്റർ ഉയരത്തിൽ പറന്ന് പെനിൻസുലയ്ക്കും ജപ്പാനും ഇടയിൽ സമുദ്രത്തിൽ പതിച്ചതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് വിശദീകരിച്ചു.
യുഎസിലെയും ദക്ഷിണ കൊറിയയിലെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ വിക്ഷേപണം സൂക്ഷ്‌മമായി വിശകലനം ചെയ്‌തതായും അധികൃതര്‍ അറിയിച്ചു. യുക്രൈനിൽ റഷ്യൻ അധിനിവേശം നടക്കവേയാണ് ഉത്തരകൊറിയയുടെ നിരന്തര മിസൈൽ പരീക്ഷണം.
2022ൽ ഉത്തരകൊറിയയുടെ ഒമ്പതാം റൗണ്ട് ആയുധ പരീക്ഷണമായിരുന്നു ഇത്. ഇളവുകൾക്കായി ബൈഡൻ ഭരണകൂടത്തെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിനിടയിലും, തങ്ങളുടെ സൈനിക ശേഷി വിപുലീകരിക്കുന്നതിന് നയതന്ത്രത്തിൽ താൽക്കാലിക ഇടവേള നൽകുന്നത് ഉത്തരകൊറിയ തുടരുകയാണ്. ഇതിന്‍റെ ഭാഗമായാണ് വിക്ഷേപണം.