പ്യോംഗ്യാംഗ്: അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന പുത്തന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയന്‍ പ്രകോപനം വീണ്ടും. പുകുക്സോങ്-3 എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ സമുദ്രത്തിന്‍റെ ആഴങ്ങളില്‍ നിന്ന് ആകാശത്തേക്ക് കുതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 450 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചു. എന്നാല്‍ മുമ്പത്തെ പോലെ ഇത് നേരിട്ട് വീക്ഷിക്കാന്‍ കിം ജോങ് ഉന്‍ എത്തിയില്ല.
പുത്തന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ; ചിത്രങ്ങള്‍ പുറത്ത് - പുകുക്സോങ്-3ന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
പുകുക്സോങ്-3ന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആണവായുധം വഹിക്കാനും ശേഷിയുള്ള മിസൈലിന്‍റെ പരീക്ഷണം വിജയമായിരുന്നുവെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. വടക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെല്ലാം മിസൈലിന്‍റെ പ്രഹരപരിധിയില്‍പ്പെടും. ഉത്തരകൊറിയ ഈ വര്‍ഷം നടത്തുന്ന പതിനൊന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. രാജ്യത്തിന്‍റെ ഔദ്യോഗിക ദിനപത്രമായ റൊഡോങ് പരീക്ഷണത്തിന്‍റെ ചിത്രങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി രണ്ട് പേജുള്ള ഫീച്ചര്‍ നല്‍കിയിട്ടുണ്ട്. 2016ല്‍ പരീക്ഷിച്ച മിസൈലിന്‍റെ പുതിയ പതിപ്പാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്നാണ് ഫീച്ചറില്‍ പറയുന്നത്. പരിധിയും ശേഷിയും പുതിയ പതിപ്പില്‍ കൂടുതലാണ്.
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ചര്‍ച്ചക്ക് തയ്യാറായ ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും വലിയ പ്രകോപനമായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്. അണ്വായുധങ്ങളുടെയും ഭൂഖണ്ഡാന്തര മിസൈലുകളുടെയും തുടർപരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതായി 2018ല്‍ കിം ജോങ് ഉൻ നടത്തിയ പ്രഖ്യാപനം ലോകത്തിന് ആശ്വാസം പകരുന്നതായിരുന്നു. ആവശ്യമായ അണ്വായുധങ്ങളും മിസൈലുകളും വിജയകരമായി വികസിപ്പിച്ച് കഴിഞ്ഞതിനാൽ രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രമായ പൻഗീരിയ അടച്ചുപൂട്ടുമെന്നും കിം പറഞ്ഞിരുന്നു.