ന്യുസീലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്‍റെ 15 ലക്ഷത്തോളം വീഡിയോകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്. അക്രമി ലൈവ് സ്ട്രീം ചെയ്ത വീഡിയോയുടെ പകര്‍പ്പുകള്‍ 24 മണിക്കൂറിനുള്ളിലാണ് ഇത്രയേറെ പ്രചരിച്ചത്. എഡിറ്റ് ചെയ്തും രൂപം മാറ്റിയും ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത വീഡിയോകൾ നീക്കം ചെയ്യാനുള്ള കഠിനശ്രമത്തിലാണ് ഫേസ്ബുക്ക് അധികൃതര്‍.
ന്യൂസീലന്‍ഡ് ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ഭീകരാക്രമണത്തിനെ സംബന്ധിച്ചുള്ള എല്ലാ തരം എഡിറ്റ് ചെയ്ത് വീഡിയോ അടക്കം നീക്കം ചെയ്യാനാണ് കമ്പനിയുടെ ശ്രമം. അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ഫേസ്ബുക്കിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം ഇപ്പോള്‍ ഈ വീഡിയോ സ്വയം തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യുന്നുണ്ട്.
തന്‍റെതൊപ്പിയില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലൂടെ താന്‍ നടത്തിയ കൂട്ടക്കൊല തത്സമയം ലോകത്തെ കാണിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ പൗരനായ ബ്രെണ്ടണ്‍ ഹാരിസണ്‍ ടറന്‍റ്. ആക്രമണത്തിന്‍റെ 17 മിനിറ്റ് നീളുന്ന ദ്യശ്യങ്ങളാണ് ഇയാള്‍ ലൈവായി സംപ്രേഷണം ചെയ്തത്.
സംപ്രേഷണം ആരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഫേസ്ബുക്ക് അധിക്യതരെ വിവരമറിയിച്ചു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ കൊലയാളിയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകള്‍ മരവിപ്പിച്ചിരുന്നു. ന്യൂസീലന്‍ഡ് പൊലീസ് നടത്തുന്ന അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. അതേസമയം ഫേസ്ബുക്കിന്‍റെലൈവ് സ്ട്രീം സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാനായി, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍, ഫേസ്ബുക്ക് അധിക്യതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം അൻപത് പേരാണ് കൊല്ലപ്പെട്ടത്. മലയാളിയായ ആൻസി അലിബാവ, മെഹബൂബ കോഖർ, റമീസ് വോറ, ആസിഫ് വോറ, ഒസൈർ കദിർ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വംശവെറിയനായ ഓസ്ട്രേലിയക്കാരൻ ബ്രെന്‍റൻ ടറാന്‍റ് (28) ജുമുഅ വെള്ളിയാഴ്ച നമസ്കാരസമയത്താണ് മസ്ജിദുകളിലെത്തി കൂട്ടക്കുരുതി നടത്തിയത്. ടറാന്‍റിനെ കോടതിയിൽ ഹാജരാക്കി കുറ്റം ചുമത്തി. റിമാൻഡ് ചെയ്ത ഇയാളെ ഏപ്രിൽ 5നു കോടതിയിൽ വീണ്ടും ഹാജരാക്കും.