കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ നിന്ന് ആറ് വ്യത്യസ്‌ത വിമാനങ്ങളിലായി 550 പേരെ തിരികെയെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. കാബൂൾ, ദുഷാൻബെ വഴിയാണ് ഇന്ത്യക്കാരെ തിരികെയെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു.
തിരികെ വരാനെത്തിയ ഭൂരിഭാഗം ഇന്ത്യക്കാരെയും ഇന്ത്യയിലെത്തിച്ചെന്നും എന്നാൽ ചെറിയ പക്ഷം ഇന്ത്യക്കാർ ഇനിയും അഫ്‌ഗാനിസ്ഥാനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബാഗ്‌ചി വ്യക്തമാക്കി.
കാബൂളിൽ വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്‌ചയുണ്ടായ ഇരട്ട സ്‌ഫോടനത്തിന് ശേഷം അഫ്‌ഗാനിൽ നിന്നുള്ള രക്ഷാദൗത്യം വിവിധ രാജ്യങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന് സമീപം സ്‌ഫോടനങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു.
അഫ്‌ഗാനിൽ നിന്ന് കൂട്ടപാലായനം
അഫ്‌ഗാൻ താലിബാൻ നിയന്ത്രണത്തിലായതോടെ ആയിരക്കണക്കിന് പേരാണ് രാജ്യത്ത് നിന്ന് പാലായനം ചെയ്യാനായി വിമാനത്താവളത്തിലെത്തുന്നത്. എന്നാൽ നിലവിൽ വിമാനത്താവളത്തിന് പുറത്ത് 500 മീറ്റർ ചുറ്റളവിൽ താലിബാൻ അംഗങ്ങൾ ആയുധങ്ങളുമായി പട്രോളിങ് നടത്തുന്നുണ്ട്.
കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട ബോംബാക്രമണത്തിൽ 95 അഫ്‌ഗാൻ പൗരരും 13 യുഎസ് സേനാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ശരിയായ കണക്ക് ഇതിലും വർധിക്കാനാണ് സാധ്യതയെന്നും 115ൽ അധികം പേർ കൊല്ലപ്പെട്ടിരിക്കാമെന്നും അഫ്‌ഗാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
READ MORE:24 മണിക്കൂറിനിടെ അഫ്‌ഗാനിൽ നിന്ന് ഒഴിപ്പിച്ചത് 7,500 പേരെ: യുഎസ്
മോർച്ചറിയിലെ സ്ഥലപരിമിതി മൂലം കാബൂളിലെ വാസിർ അക്‌തർ ഖാൻ ആശുപത്രിയിൽ പത്തോളം മൃതദേഹങ്ങൾ വരാന്തയിലാണുള്ളത്. മരിച്ചവരിൽ പലരുടെയും മൃതദേഹങ്ങളിലെത്താൻ കുടുംബാംഗങ്ങൾക്ക് സാധിക്കാത്ത സാഹചര്യവുമുണ്ട്.
ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ 7,500 പേരെ കൂടി ഒഴിപ്പിച്ചു
കാബൂൾ വിമാനത്താവളത്തിന് സമീപത്തും ബാരൺ ഹോട്ടലിലുമുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ 7,500 പേരെ കൂടി വ്യാഴാഴ്‌ച അഫ്‌ഗാനിൽ നിന്നും ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 14 യുഎസ് സൈനിക വിമാനങ്ങളിലായി 5,100 പേരെയും 39 സഖ്യ വിമാനങ്ങളിലായി 2,400 പേരെയുമാണ് എത്തിച്ചത്. ഓഗസ്റ്റ് 14 മുതൽ ഏകദേശം 100,100 പേരെ ഒഴിപ്പിക്കാൻ സഹായിച്ചുവെന്നും യുഎസ് അവകാശപ്പെട്ടു.
ഐഎസിനെ കുറ്റപ്പെടുത്തി ജോ ബൈഡൻ
ഇരട്ട സ്ഫോടനത്തിൽ അനുശോചിച്ച അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആക്രമണം നടത്തിയ ഐഎസ് അഫ്‌ഗാൻ ഘടകത്തെ കുറ്റപ്പെടുത്തി. രണ്ടാഴ്‌ചകൊണ്ട് ഭരണം കൈയ്യടക്കിയ താലിബാൻ നടപടിയേക്കാൾ മൃഗീയമായിരുന്നു ഐഎസ് ആക്രമണമെന്ന് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരന്മാരെ അഫ്‌ഗാനിൽ നിന്ന് പുറത്തുകൊണ്ടുവരുമെന്നും അഫ്‌ഗാൻ സഖ്യകക്ഷികളെ പുറത്തു കൊണ്ടുവന്ന് ദൗത്യം മുന്നോട്ട് കൊണ്ടുപോകുമെന്നും ബൈഡൻ പറഞ്ഞു.
ഇരട്ട സ്‌ഫോടനത്തെ തുടർന്ന് അഫ്‌ഗാനിൽ നിന്നുള്ള രക്ഷാദൗത്യം ബ്രിട്ടണും സ്‌പെയിനും ഫ്രാൻസും നിർത്തിയിട്ടുണ്ട്. മണിക്കുറുകൾക്കകം രക്ഷാദൗത്യം പൂർത്തിയാക്കുമെന്നും വെള്ളിയാഴ്‌ച എട്ടോ ഒമ്പതോ രക്ഷാ ദൗത്യ വിമാനങ്ങളാണ് ഉണ്ടാകുകയെന്നും ഡിഫൻസ് സെക്രട്ടറി ബെൻ ബാലൻസ് പറഞ്ഞിരുന്നു.
READ MORE:കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം