കാഠ്‌മണ്ഡു:നേപ്പാള്‍ പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയ ഭാവി തീരുമാനിക്കാനായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി നടത്താനിരുന്ന യോഗം വെള്ളിയാഴ്‌ചത്തേക്ക് മാറ്റിവെച്ചു. ബുധനാഴ്‌ച നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. പാര്‍ട്ടിക്കുള്ളില്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലിക്കെതിരെ വിമര്‍ശനമുയരുകയും അദ്ദേഹത്തിന്‍റെ രാജി പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പ്രധാനമന്ത്രി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പോരായ്‌മയും ഇന്ത്യക്കെതിരെയുള്ള പ്രസ്‌താവനകളും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തുകയായിരുന്നു. 45 അംഗ കമ്മ്യൂണിസ്റ്റ് സ്റ്റാന്‍റിംഗ് കമ്മിറ്റി ബുധനാഴ്‌ച നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചതായി പ്രധാനമന്ത്രിയുടെ പ്രസ് അഡ്വൈസര്‍ സൂര്യ തപയാണ് അറിയിച്ചത്. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
നേപ്പാള്‍ രാഷ്‌ട്രീയ പ്രതിസന്ധി; കമ്മ്യുണിസ്റ്റ് പാര്‍ട്ടി യോഗം മാറ്റിവെച്ചു - കാഠ്‌മണ്ഡു
കെ.പി ശര്‍മ്മ ഒലിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും മുന്‍ പ്രധാനമന്ത്രിയുമായ പുഷ്‌പ കമല്‍ ദഹലുമാണ് (പ്രചണ്ഡ) കെ.പി ശര്‍മ്മ ഒലിയുടെ രാജി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശം രാഷ്‌ട്രീയപരമായും നയതന്ത്രപരമായും ഉചിതമല്ലെന്ന് നേതാക്കള്‍ പറയുന്നു. അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഭിന്നതകള്‍ പാര്‍ട്ടിക്കിടയിലെ ഒലി വിഭാഗത്തിലും എക്‌സിക്യൂട്ടീവ് ചെയര്‍മാനായ പ്രചണ്ഡ വിഭാഗത്തിലും അടുത്തിടെ രൂക്ഷമായിരുന്നു. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കാന്‍ പ്രധാനമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതും പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാക്കി.