കാഠ്മണ്ഡു: നേപ്പാളിൽ പുതുതായി നിയമിതനായ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ ഞായറാഴ്‌ച പാർലമെന്‍റിൽ വിശ്വാസ വോട്ടെടുപ്പ് നേരിടും. പുതിയ പ്രധാനമന്ത്രിയെ സ്ഥാനമേറ്റാല്‍ 30 ദിവസനത്തിനകം സഭയില്‍ ഭൂരിപക്ഷ പിന്തുണ ഉറപ്പിക്കണമെന്നാണ് നേപ്പാളിലെ നിയമം.
കഴിഞ്ഞ ആഴ്‌ചയാണ് സുപ്രീം കോടതി നിർദേശപ്രകാരം ശര്‍മ ഒലി നേപ്പാൾ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. പിന്നാലെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സഭാ സമ്മേളനം വിളിച്ച് ചേർക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഞായാറാഴ്‌ച സഭ ചേരുന്നത്. 18 തിയതി വരെയാണ് കോടതി സമയം അനുവദിച്ചിരുന്നത്.
വേണ്ടത് 136 പേരുടെ പിന്തുണ
50 ശതമാനം ജനപ്രതിനിധികളുടെ പിന്തുണ പ്രധാനമന്ത്രിക്ക് വേണം. 271 അംഗ അസംബ്ലിയില്‍ 136 പേരുടെ വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ ഷേർ ബഹാദൂർ ദ്യൂബയ്ക്ക് വേണ്ടത്. പ്രതിപക്ഷമായ സിപിഎൻ-യുഎംഎല്‍ പിന്തുണയ്‌ക്കുമെന്നാണ് ഷേർ ബഹാദൂർ ദ്യൂബയുടെ നേപ്പാളി കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.