കാഠ്‌മണ്ഡു: നേപ്പാളിന്‍റെ പുതുക്കിയ ഭൂപടം ഇന്ത്യ, ഗൂഗിൾ, അന്താരാഷ്ട്ര സമൂഹം എന്നിവിടങ്ങളിലേക്ക് അയക്കാനൊരുങ്ങി നേപ്പാള്‍ സര്‍ക്കാര്‍. പുതുക്കിയ ഭൂപടത്തിൽ ഇന്ത്യൻ പ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കലപാനി എന്നിവ ഉൾപ്പെടുന്നു. കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതുക്കിയ നേപ്പാൾ ഭൂപടം വിവിധ യുഎൻ ഏജൻസികൾക്കും ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിനും അയയ്ക്കും. ഈ മാസം പകുതിയോടെ ഈ പ്രക്രിയ പൂർത്തിയാകുമെന്നും ഭൂവിനിയോഗ, സഹകരണ, ദാരിദ്ര്യ നിർമാർജന മന്ത്രി പത്മ ആര്യൽ മാധ്യമങ്ങളോട് പറഞ്ഞു.
പുതുക്കിയ ഭൂപടം ഇന്ത്യയിലേക്ക് അയക്കാനൊരുങ്ങി നേപ്പാൾ - ഇന്ത്യ - നേപ്പാൾ
ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഭൂപടം ഭരണഘടനയിൽ ഉൾപ്പെടുത്തികൊണ്ടുള്ള ഭേദഗതി നേപ്പാൾ പാർലമെന്‍റ് ജൂൺ 13 ന് പാസാക്കിയിരുന്നു
പുതുക്കിയ ഭൂപടത്തിന്‍റെ 4,000 പകർപ്പുകൾ ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ച് അന്താരാഷ്ട്ര സമൂഹത്തിന് അയയ്ക്കാൻ മെഷർമെന്‍റ് വകുപ്പിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഭൂപടത്തിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ 25,000 പകർപ്പുകള്‍ മെഷർമെന്‍റ് വകുപ്പ് അച്ചടിച്ച് അത് രാജ്യമെമ്പാടും വിതരണം ചെയ്‌തു. പ്രവിശ്യയ്ക്കും മറ്റെല്ലാ പൊതു ഓഫീസുകൾക്കും ഭൂപടത്തിന്‍റെ പകർപ്പുകൾ സൗജന്യമായി നൽകും. 50 രൂപയാണ് ഭൂപടത്തിന്‍റെ പകർപ്പിന്‍റെ വില. മെയ് 20ന് ഇന്ത്യ - നേപ്പാൾ തർക്കപ്രദേശങ്ങളായ ലിംപിയാദുര, ലിപുലെഖ്, കലപാനി എന്നിവ ഉൾപ്പെടുത്തിയ പരിഷ്‌കരിച്ച ഭൂപടം നേപ്പാൾ സർക്കാർ പുറത്തിറക്കിയിരുന്നു. ചരിത്രപരമായ വസ്‌തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ല നേപ്പാളിന്‍റെ ഏകപക്ഷീയമായ ഈ നടപടിയെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര സംഭാഷണത്തിലൂടെ നിലനിൽക്കുന്ന അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമാണെന്നും പ്രാദേശിക അവകാശവാദങ്ങളുടെ അത്തരം കൃത്രിമ വർധനവ് അംഗീകരിക്കില്ലെന്നും ഇന്ത്യ പറഞ്ഞു.