കാഠ്‌മണ്ഡു:മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ നില പരുങ്ങലില്‍. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഘടക കക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനും ഉപപ്രധാനമന്ത്രിയുമായ ഉപേന്ദ്ര യാദവും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ മറ്റൊരു മന്ത്രി മുഹമ്മദ് ഇഷ്ത്യാകും രാജിവെച്ചതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.
ഉപപ്രധാനമന്ത്രിയും നീതി,നിയമ, പാര്‍ലമെന്‍ററി കാര്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ കൂടിയുണ്ട് ഉപേന്ദ്ര യാദവിന്. രാജിവെക്കുന്നതിലൂടെ ഈ സര്‍ക്കാരില്‍ നിന്ന് മോചനം ലഭിക്കുന്നുവെന്നാണ് രാജിവെച്ചതിന് ശേഷം യാദവിന്‍റെ പ്രതികരണം. എന്നാല്‍ രാജിവെക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ പിന്തുണ പിന്‍വലിക്കുമെന്ന കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഭരണ ഘടനാ ഭേദഗതിക്കായി കൂടുതല്‍ പഠനം നടത്തുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഉപേന്ദ്ര യാദവ് നിര്‍ദേശിച്ചെങ്കിലും നിരസിക്കപ്പെട്ടു. ഇതാണ് യാദവ് രാജിവെക്കാനുള്ള കാരണം. ഡിസംബര്‍ 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഈ തീരുമാനമെടുത്തത്.
ഭരണഘടന ഭേദഗതി ചെയ്യണമെന്ന വ്യവസ്ഥയിൽ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ മന്ത്രിസഭ അംഗീകാരം ലഭിച്ചില്ല. മന്ത്രിസഭാ, പാര്‍ലമെന്‍റ് യോഗത്തില്‍ വിഷയം കാലാകാലങ്ങളായി അവതരിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം പ്രധാമന്ത്രിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അത് വിശമായി ചര്‍ച്ച ചെയ്യാനോ കേള്‍ക്കാനോ ഒന്നും തയ്യാറായില്ലെന്നാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആരോപണം.