കാഠ്‌മണ്ഡു: പ്രധാനമന്ത്രി കെ.പി ശർമ ഒലിയും നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി (എൻസിപി) നേതാവ് പുഷ്‌പ കമൽ ദഹൽ പ്രചണ്ഡയും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ തീരുമാനമായില്ല. അടുത്ത ഘട്ട ചർച്ച തിങ്കളാഴ്ച രാവിലെ നടത്താൻ നേതാക്കൾ തീരുമാനിച്ചു. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിന്‍റെ പേരില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് കെപി ശര്‍മ ഒലി നേരിടുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായി നേപ്പാൾ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച
അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയതിന്‍റെ പേരില്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് കെപി ശര്‍മ ഒലി നേരിടുന്നത്.
കഴിഞ്ഞ ദിവസം ഒലിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഇരുസഭകളും നിര്‍ത്തിവെക്കാനുള്ള തീരുമാനം എടുത്തിരുന്നു. പ്രസിഡന്‍റ് ബിന്ധ്യ ദേവി ഭണ്ഡാരി ഇതിന് അംഗീകാരവും നല്‍കിയിരുന്നു. ഇരുസഭകളുടെയും അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്താതെ ആയിരുന്നു ഒലിയുടെ നടപടി.
ജൂൺ 30ന് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഒലി കടുത്ത വിമർശനം നേരിട്ടിരുന്നു. ഭൂരിഭാഗം അംഗങ്ങളും ഒലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പരമ്പരാഗത അതിര്‍ത്തിയായ കാലാപാനി, ലിപുലേക്, ലിംപിയാധുര എന്നിവ ചേര്‍ത്ത് പുതിയ ഭൂപടം വരച്ചതിന്‍റെ പേരില്‍ പാര്‍ലമെന്‍റിലെ പ്രതിപക്ഷത്തിലും ഭരണ കക്ഷിയിലും അതൃപ്‌തി രൂക്ഷമായിരുന്നു.