കാഠ്മണ്ഡു: രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം പരിഷ്കരിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ച സുപ്രധാന ഭരണഘടന ഭേദഗതി ബിൽ നേപ്പാൾ പാർലന്‍റ് ശനിയാഴ്ച പാസാക്കി. ഇന്ത്യയുടെ ഭൂപ്രദേശങ്ങളും തന്ത്രപ്രധാന മേഖലകളുമായ ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളിൽ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്‌കരണത്തിനുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്. പുതിയ ഭൂപടത്തിന് അംഗീകാരം നൽകുന്നതിനുള്ള ബിൽ പരിഗണിക്കുന്നതിനുള്ള നിർദേശം ജൂൺ ഒമ്പതിന് പാർലമെന്‍റ് ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
നേപ്പാൾ ഭൂപട പരിഷ്കരണം; ഭരണഘടന ഭേദഗതി ബിൽ പാസാക്കി നേപ്പാൾ
ലിപുലേഖ്, കാലപാനി, ലിമ്പിയാദുര എന്നീ പ്രദേശങ്ങളിൽ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള ഭൂപട പരിഷ്‌കരണത്തിനുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്
മെയ് എട്ടിന് ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള തന്ത്രപ്രധാനമായ റോഡ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. റോഡ് ഉദ്ഘാടനത്തിനെതിരെ നേപ്പാൾ രൂക്ഷമായി പ്രതികരിക്കുകയും റോഡ് നേപ്പാളിന്‍റ് ഭൂപ്രദേശത്തിലൂടെയാണ് കടന്നുപോകുന്നുന്നതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു . എന്നാൽ റോഡ് പൂർണമായും തങ്ങളുടെ പ്രദേശത്തിനകത്താണെന്ന പ്രസ്താവനയുമായി ഇന്ത്യ രംഗത്തെത്തി. ഈ മേഖലകളിൽ അവകാശവാദമുന്നയിച്ച് രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ-ഭരണ ഭൂപടം നേപ്പാൾ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.