കാഠ്മണ്ഡു: നേപ്പാൾ കടുത്ത ആശങ്കയിൽ. കൊവിഡിന്‍റെ മൂന്നാം വകഭേദവും സ്ഥിരീകരിച്ച് രാജ്യം. ചൈനയിൽ നിന്നുള്ള കൊറോണ വൈറസിനേയും യുകെയിൽ നിന്നുള്ള B.1.617.1 വകഭേദവും കണ്ടെത്തിയതിനു ശേഷം അതിഭീകര വ്യാപന ശേഷിയുള്ള കൊറോണയുടെ ഇന്ത്യൻ വകഭേദം B.1.617.2ഉം നേപ്പാളിൽ കണ്ടെത്തിയതായി ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ 35 ജില്ലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ ജീൻ സീക്വൻസിങിൽ 97 ശതമാനം സാമ്പിളുകളിലും ഇന്ത്യൻ വകഭേദമായ B.1.617.2 കണ്ടെത്തി. മറ്റു മൂന്ന് ശതമാനം ആളുകളിലും യുകെ വകഭേദമാണ് കണ്ടെത്തിയതെന്ന് ആരോഗ്യ-ജനസംഖ്യാ മന്ത്രാലയം അസിസ്റ്റന്‍റ് വക്താവ് ഡോ. സമീർ കുമാർ അധികാരി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള സിഎസ്‌ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ ജീൻ സീക്വൻസിങിലാണ് ഇന്ത്യൻ വകഭേദം കണ്ടെത്തിയത്.