കേരളം

kerala

ETV Bharat / international

നേപ്പാൾ; നിലയ്ക്കാത്ത പ്രതിസന്ധിയിൽ ഒരു രാജ്യം

നേപ്പാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റിയും പ്രതിസന്ധികളെ പറ്റിയും ഇന്ത്യൻ സർക്കാരിന്‍റെ മുൻ അംബാസിഡറും പ്രത്യേക പ്രതിനിധിയുമായ എസ് ഡി മുനി തയാറാക്കിയ റിപ്പോർട്ട്.

Nepal: A Country in Perennial Crisis  Nepal  kp sharma oli  നേപ്പാൾ  നിലയ്ക്കാത്ത പ്രതിസന്ധിയിൽ ഒരു രാജ്യം  kp oli  oli  Prime Minister of Nepal  Nepal Prime Minister
നേപ്പാൾ: നിലയ്ക്കാത്ത പ്രതിസന്ധിയിൽ ഒരു രാജ്യം

By

Published : Feb 1, 2021, 7:17 AM IST

കാഠ്മണ്ഡു: രാഷ്ട്രീയ അസ്ഥിരതയുടെ ഒരിക്കലും അവസാനിക്കാത്ത പ്രതിസന്ധിയിൽ കുരുങ്ങി കിടക്കുകയാണ് നേപ്പാൾ. പ്രത്യേകിച്ച്, ഒരു ഫെഡറൽ, ജനാധിപത്യ റിപ്പബ്ലിക് ആയി ഉയർന്ന് വന്നതിന് ശേഷം കഴിഞ്ഞ ഒരു ദാശബ്ദത്തിൽ ഏറെയായുള്ള കാലയളവിലാണ് പ്രതിസന്ധിയിൽ കൂടുതലായും ഉള്ളത്. രാജ്യത്തെ വിഘടിച്ച് കിടക്കുന്ന രാഷ്ട്രീയ ഭൂമികയും, ദുർബലമായ അതിന്‍റെ ഭരണഘടനാ സ്ഥാപനങ്ങളും, അധികാര ദുര മൂത്ത രാഷ്ട്രീയ നേതൃത്വവുമാണ് ഇതിന്‍റെയെല്ലാം മൂല കാരണമെന്ന് വേണം കരുതാൻ.

പാർലമെന്‍റ് പിരിച്ചു വിട്ട്, 2021 ഏപ്രിൽ-മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച പ്രധാന മന്ത്രി കെ പി ഒലി ശർമ്മയുടെ ഡിസംബറിലെ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി മാറിയത്. ഇത്തരത്തിൽ ഒരു പിരിച്ച് വിടലിന് ഒരു സാധുതയും നൽകാത്ത നേപ്പാൾ ഭരണ ഘടനയുടെ (2015 സെപ്റ്റംബറിൽ അംഗീകരിച്ചത്) നഗ്നമായ ലംഘനമായിരുന്നു ഈ തീരുമാനം.

ഭൂരിപക്ഷ പിന്തുണ നഷ്ടമാകുന്നത് ഉൾപ്പെടെ ഭരണത്തിൽ ഇരിക്കുന്ന ഒരു പ്രധാനമന്ത്രിയെ പിരിച്ച് വിടാൻ തക്ക കാരണം ഉണ്ടെങ്കിൽ ഒരു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ പാർലിമെന്‍റിന് അധികാരം നല്കുന്നുണ്ട് ഭരണ ഘടന. തന്‍റെ മുതിർന്ന സഹപ്രവർത്തകർ തന്നെ സുഗമമായി ഭരിക്കാൻ അനുവദിക്കുന്നില്ലെന്ന എന്നാണ് പ്രധാനമന്ത്രി ഇപ്പോൾ താനെടുത്ത തീരുമാനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത് എന്നത് നിലവിലത്തെ പ്രതിസന്ധിക്ക് കാരണം ഭരണ കക്ഷിക്ക് അകത്തുള്ള ഒരു പ്രശ്നമാണെന്ന് തീർത്തും വ്യക്തമാകുന്നു.

അതേസമയം, തന്നെ ഭരിക്കാൻ അനുവദിക്കാത്ത വിമതർക്കെതിരെ നടപടി എടുക്കാൻ പാർട്ടിയുടെ സഹായം തേടുകയോ അല്ലെങ്കിൽ പാർട്ടിക്ക് സ്വീകാര്യനായ മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയാക്കാൻ അവസരം ഒരുക്കുകയോ ചെയ്യാമായിരുന്നു അദ്ദേഹത്തിന്.

അധികാരം പങ്കുവെക്കണമെന്ന പരസ്പര ധാരണ ഒലി കാറ്റിൽ പറത്തിയെന്നാണ് അദ്ദേഹത്തിന്‍റെ പർട്ടിയിലെ എതിരാളികളായ പുഷ്പ കമാൽ ദഹാൽ “പ്രചണ്ഡ”യും മാധവ് കുമാര്‍ 'നേപ്പാളും'' കുറ്റപ്പെടുത്തുന്നത്. ഒലി അധികാരം പൂര്‍ണ്ണമായും തന്‍റെ കൈകളില്‍ കേന്ദ്രീകരിച്ച് വിവിധ ഭരണഘടനാ, നിര്‍ണ്ണായക തീരുമാനമെടുക്കല്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുകയാണെന്നും, ഭരണത്തില്‍ വ്യാപകമായ അഴിമതി പ്രോത്സാഹിപ്പിക്കുകയാണെന്നും, അദ്ദേഹത്തിന് ഭരിക്കുവാനുള്ള യാതൊരു കഴിവുമില്ല എന്ന് പൂര്‍ണ്ണമായും തെളിഞ്ഞിരിക്കുന്നു എന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

അധികാരത്തോടുള്ള ആര്‍ത്തി തന്നെയാണ് ഒലിയുടെ നിലവിലെ നീക്കത്തിന് പിന്നില്‍ കാരണമായി പ്രവര്‍ത്തിച്ചത് എന്നതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കപ്പെടുമെന്നും അടിയന്തിരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുമെന്നുമുള്ള ഊഹാപോഹങ്ങള്‍ നേപ്പാളില്‍ പരക്കുന്നുണ്ട്. മാത്രമല്ല, ഭരണഘടനയെ തകര്‍ക്കുകയും രാജ്യത്തെ അസ്ഥിരതയുടെ ഒരു ദീര്‍ഘകാലത്തേക്ക് തള്ളിവിടുമെന്നും പരക്കെ സംശയം ഉണരുന്നുണ്ട്. ഒലിയുടെ ഈ നീക്കം നേപ്പാളിലെ രാഷ്ട്രീയത്തെ ഒന്നു കൂടി ഛിന്നഭിന്നമാക്കിയിരിക്കുന്നു. കൂടുതല്‍ രാഷ്ട്രീയ കക്ഷികള്‍ ഉണ്ടാവാനും പുതിയ സഖ്യങ്ങള്‍ രൂപപ്പെടുവാനുമുള്ള സാധ്യതകള്‍ ഉയരുന്നുണ്ട്. സ്വന്തം പാര്‍ട്ടിയില്‍ ചെറിയൊരു ന്യൂനപക്ഷത്തിന്‍റെ പിന്തുണ മാത്രമേ അദ്ദേഹത്തിനുള്ളൂ. പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കി കൊണ്ട് വീണ്ടും പിളര്‍പ്പിന്‍റെ വഴിയിലാണ്. പിളര്‍പ്പിന്‍റെ ഈ നിലയ്ക്കാത്ത പരമ്പരകള്‍ വിവിധ പ്രവിശ്യകളിലേക്കും ജില്ലകളിലേക്കും വരെ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. യഥാര്‍ഥത്തിൽ പാര്‍ട്ടി ആരുടെ നേതൃത്വത്തിലാണെന്ന് ഇനിയും തെരഞ്ഞെടുപ്പ് കമ്മിഷന് കണ്ടെത്തുവാൻ ആയിട്ടില്ല.

നേപ്പാളിലെ മുഖ്യ പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസിനകത്തും പിളര്‍പ്പ് രൂക്ഷമാണ്. അതുകൊണ്ട് തന്നെ നിലവില്‍ ഉയര്‍ന്ന് വരുന്ന ആശയക്കുഴപ്പവുമായി എങ്ങനെ സമരസപ്പെട്ടുപോകണം എന്നുപോലും അവര്‍ക്കറിയില്ല. ഈ സ്ഥിതിഗതികള്‍ മുതലെടുത്താണ് ഒരു ഹിന്ദു രാഷ്ട്രം രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെക്കുന്ന ജന്മിത്വ ശക്തികള്‍, പുറത്താക്കപ്പെട്ട രാജവംശത്തിന്‍റെ നേതൃത്വത്തിന് കീഴില്‍ വീണ്ടും ഒരുമിക്കാന്‍ ശ്രമിക്കുന്നത്. അതോടൊപ്പം പല ഗ്രൂപ്പുകളായി പിളര്‍ന്ന് പോയ മാധേസി വിഭാഗവും രാഷ്ട്രീയ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് വിലയിരുത്തി കൊണ്ടിരിക്കുകയാണ്.

അധികാര ഘടനക്ക് മേല്‍ ഇപ്പോള്‍ തനിക്കുള്ള ഏകാധിപത്യപരമായ നിയന്ത്രണം നിലനിര്‍ത്തി കൊണ്ട് പോകാൻ പ്രയാസമാണെന്ന് ക്രമേണ തോന്നി തുടങ്ങിയാല്‍ നേപ്പാളി കോണ്‍ഗ്രസിന്‍റെ ഏതെങ്കിലും വിഭാഗവുമായി സഖ്യമുണ്ടാക്കുവാനോ അല്ലെങ്കില്‍ ഹിന്ദുത്വ ശക്തികളുമായി കൂട്ടുചേരുവാനോ ഒലി ശ്രമം നടത്തിയേക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്‍റെ എതിരാളികളെ നേരിടുവാന്‍ അത്തരം ഒരു പോംവഴി മാത്രമേ അദ്ദേഹത്തിന് മുന്നിൽ നിലവിലുള്ളു. ഒലി ആരോടൊപ്പം ചേരുമെന്നോ, അതില്‍ അദ്ദേഹം വിജയിക്കുമോ എന്നതും ആര്‍ക്കും നിശ്ചയമില്ലാത്ത കാര്യമാണ്. തന്‍റെ എതിരാളികളായ പ്രചണ്ഡ-നേപ്പാള്‍ വിഭാഗത്തെ പിളര്‍ക്കുവാനുള്ള വഴികളും അദ്ദേഹം ആരായാനിടയുണ്ട്. പ്രചണ്ഡ-നേപ്പാള്‍ വിഭാഗം നിലവില്‍ ദുര്‍ബലമാണ്.

പ്രജണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകളും, നേപ്പാളും ഖനാലും നയിക്കുന്ന യുണൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റുകളും(യുഎംഎൽ) താഴെ തട്ടില്‍ വരെ എത്തുന്ന പരസ്പര ശത്രുതയുടെ ചരിത്രമുള്ളവരാണ്.

അധികാരത്തിന് വേണ്ടിയുള്ള പ്രചണ്ഡയുടെ നിരാശയോടെയുള്ള പരക്കം പാച്ചിലും, നേപ്പാളില്‍ ദുര്‍ബലമായ ഒരു കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചെടുക്കുവാന്‍ വേണ്ടി ചൈന നടത്തുന്ന ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് 2017-18-ലെ സ്ഥിതി വിശേഷങ്ങള്‍ നേപ്പാളില്‍ സൃഷ്ടിച്ചത്. അന്നാണ് മാവോയിസ്റ്റുകളും യുഎംഎല്‍ വിഭാഗങ്ങളും ഒന്നിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ എന്ന ഒരു ഏക സംഘടനക്ക് രൂപം നല്‍കിയത്. ഇത്തരത്തില്‍ ആശയക്കുഴപ്പം നിറഞ്ഞ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ തെരുവ് രാഷ്ട്രീയ അധികാര പ്രകടനങ്ങളും, അവസരവാദ സമവാക്യങ്ങളും, ഇടക്കിടെയുള്ള തടസങ്ങളുടെ നിരകളും വരാനിരിക്കുന്ന ദിവസങ്ങളിലും മാസങ്ങളിലും നേപ്പാളില്‍ കാണാന്‍ കഴിഞ്ഞേക്കും.

നേപ്പാളില്‍ തന്ത്രപരമായും സാമ്പത്തികമായും ഉയര്‍ന്ന താല്‍പ്പര്യമുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഒരുപോലെ ഈ സംഭവ വികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

നേപ്പാളിൽ ഒരു ഭരണ മാറ്റത്തിന് വേണ്ടി ഇന്ത്യയും ചൈനയും ഒരുപോലെ കടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടു വരികയാണിപ്പോള്‍. തങ്ങളുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു സൗഹൃദ ഭരണകൂടം നേപ്പാളില്‍ ഉണ്ടാകണമെന്ന് ഇന്ത്യയും ചൈനയും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. ചൈന കൂട്ടിച്ചേര്‍ത്ത് തയ്യാറാക്കിയ ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടം തകര്‍ന്ന് വീഴുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ നിന്നും എന്താണ് ഉരുത്തിരിയാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് ഒരു വലിയ ചോദ്യം ഉയരുന്നുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിലെ ഒരു വിഭാഗം നേപ്പാളില്‍ ഹിന്ദുത്വ, രാജ ഭരണശക്തികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം അങ്ങനെ വന്നാല്‍ മാത്രമേ “ദൈവമില്ലാത്ത'' കമ്മ്യൂണിസ്റ്റുകളേയും തെറ്റിതിരിഞ്ഞ് നില്‍ക്കുന്ന ജനാധിപത്യവാദികളെയും ചെറുത്ത് തോല്‍പ്പിക്കുവാന്‍ പറ്റിയ ഒരു ശക്തി ഉണ്ടാവുകയുള്ളൂ.

എന്നാല്‍ രാജഭരണത്തിന് കീഴിലുള്ളതും, ഹിന്ദുത്വ ആശയങ്ങളെ അനുതാപത്തോടെ കാണുന്നതുമായ ഒരു നേപ്പാള്‍, നേപ്പാളികള്‍ക്ക് സുസ്ഥിരതയോ വികസനമോ ഒരിക്കലും നല്‍കിയിട്ടില്ല എന്നുമാത്രമല്ല ചൈനയോ പാക്കിസ്ഥാനോ തങ്ങളുടെ തന്ത്രപരമായ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് വേരൂന്നുന്നത് തടഞ്ഞിട്ടില്ല എന്നുള്ള കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

നേപ്പാളിലെ അസ്ഥിരമായ സ്ഥിതി വിശേഷത്തെ വളരെ ജാഗ്രതയോടെ വേണം ഇന്ത്യ നോക്കി കാണാനും പ്രതികരിക്കാനും. കഴിഞ്ഞ കാലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളില്‍ രാഷ്ട്രീയക്കാര്‍ കുത്തിപൊക്കിയതും പ്രോത്സാഹിപ്പിച്ചതുമായ ഇന്ത്യാ വിരുദ്ധ ദേശീയതയുടെ പേരില്‍ കനത്ത വിലയാണ് കൊടുക്കേണ്ടി വന്നിട്ടുള്ളത്.

നേപ്പാളിലെ തീര്‍ത്തും കുഴഞ്ഞുമറിഞ്ഞ ആഭ്യന്തര രാഷ്ട്രീയത്തില്‍ നിന്നും ഒരു അകലം പാലിച്ച് നില്‍ക്കുന്നതാണ് ബുദ്ധിപരമായ നിലപാട്. അത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട്, നേപ്പാളിലെ രാഷ്ട്രീയം സ്ഥാപനപരമായി സുസ്ഥിരപ്പെടുന്നതുവരെ, നിലവില്‍ അവിടെ നിന്ന് എന്താണ് വാഗ്ദാനം ചെയ്യപ്പെടുന്നതെന്ന് കൈകാര്യം ചെയ്തുകൊണ്ട് വര്‍ത്തിക്കുക എന്നതാണ് ഇന്ത്യക്ക് ഭൂഷണം.

നേപ്പാളിലെ നിലവിലുള്ള രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്കിടയില്‍ ചൈന നടത്തുന്ന മുതലെടുപ്പുകള്‍ കണ്ട് നമ്മൾ ഭയചകിതരാകേണ്ട കാര്യമില്ല. അതിന് അവര്‍ക്ക് ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും എന്നതുതന്നെയാണ് ഇതിന് കാരണം.

ABOUT THE AUTHOR

...view details