കേരളം

kerala

ETV Bharat / international

യന്ത്രത്തോക്കുകളുമായി സൈന്യം ; നാടന്‍ തോക്കുകളുമായി നേരിട്ട് മ്യാന്‍മര്‍ ജനത

പട്ടാളം അധികാരം പിടിച്ച ശേഷമുണ്ടായ സൈനിക നടപടികളില്‍ 581 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നു.

Myanmar security forces attack town that resisted with arms  myanmar junta news  myanmar military coup update news  myanmar news  Myanmar security forces attack town that resisted with arms  മ്യാന്‍മര്‍  മ്യാന്‍മര്‍ പട്ടാള അട്ടിമറി പുതിയ വാര്‍ത്തകള്‍  മ്യാന്‍മര്‍ സൈന്യം വാര്‍ത്ത  മ്യാന്‍മര്‍ പട്ടാള ഭരണം വാര്‍ത്ത
യന്ത്രത്തോക്കുകളുമായി സൈന്യം ; നാടന്‍ തോക്കുകളുമായി നേരിട്ട് മ്യാന്‍മര്‍ ജനത

By

Published : Apr 7, 2021, 6:59 PM IST

യാങ്കൂണ്‍: അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ച മ്യാന്‍മറില്‍ രണ്ട് മാസത്തിനിപ്പുറവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. സൈന്യവും പട്ടാള ഭരണം അംഗീകരിക്കാത്ത ജനാധിപത്യവാദികളും തമ്മിലാണ് സംഘര്‍ഷങ്ങള്‍ നടക്കുന്നത്. ബുധനാഴ്ച വടക്ക് പടിഞ്ഞാറന്‍ മ്യാന്‍മറിലെ കാലേയ് നഗരത്തിലുണ്ടായ എറ്റുമുട്ടലില്‍ മാത്രം കൊല്ലപ്പെട്ടത് ഏഴില്‍ അധികം സാധാരണക്കാര്‍. ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തും നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പലരെയും സൈന്യം അറസ്റ്റ് ചെയ്തെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനസംഖ്യയുടെ പകുതിയും ന്യൂനപക്ഷവിഭാഗമായ ചിന്‍ വംശജരുള്ള, നഗരത്തിന്‍റെ നിയന്ത്രണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുധനാഴ്ച പുലര്‍ച്ചെ സൈന്യം കാലേയില്‍ പ്രവേശിച്ചത്. വേട്ടയ്ക്കുപയോഗിക്കുന്ന നാടന്‍ തോക്കുകളുമായിട്ടാണ് നഗരത്തിലേക്ക് ഇരച്ചുകയറിയ സൈനികരെ പ്രദേശവാസികള്‍ നേരിട്ടത്. യന്ത്രത്തോക്കുകളുടെയും ഗ്രനേഡുകള്‍ പൊട്ടിത്തെറിക്കുന്നതിന്‍റെയും ശബ്ദം കേള്‍ക്കാമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക ഭരണത്തിനെതിരെ വന്‍ പ്രതിഷേധമുണ്ടായ കാലേയില്‍ നേരത്തെയും സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് നഗരവാസികളൊരുക്കിയ വന്‍ പ്രതിരോധങ്ങള്‍ മറികടക്കാന്‍ സൈന്യത്തിനായിരുന്നില്ല. തുടര്‍ന്നാണ് അതിശക്തമായ സൈനിക നടപടിക്ക് പട്ടാള ഭരണകൂടം തയ്യാറായത്.

ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച ശേഷമുണ്ടായ സൈനിക നടപടികളില്‍ 581 പ്രക്ഷോഭകരാണ് മ്യാന്‍മറില്‍ കൊല്ലപ്പെട്ടത്. പട്ടാള ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ആദ്യഘട്ടത്തില്‍ സമാധാനപരമായിരുന്നു. പക്ഷെ സൈന്യവും പൊലീസും പ്രക്ഷോഭങ്ങളെ അതിശക്തമായി അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെ സമരങ്ങളുടെ രീതിയും മാറി. നാടന്‍ തോക്കുകളും പെട്രോള്‍ ബോംബുകളുമായിട്ടാണ് പ്രക്ഷോഭകര്‍ പിന്നീട് സൈനികരെ നേരിട്ടത്.

ABOUT THE AUTHOR

...view details