യാങ്കോണ്‍: സൈനിക അട്ടിമറിക്കെതിരായ ജനകീയ പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ കര്‍ശന നടപടികളുമായി സൈന്യം. സായുധ സേനയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയാല്‍ 20 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. സൈനിക നേതൃത്വത്തിനെതിരെ ഗൂഢാലോചന നടത്തുകയോ, വിദ്വേഷ പ്രസംഗം നടത്തുകയോ ചെയ്‌താല്‍ കനത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സൈന്യം അറിയിച്ചു. അതേസമയം സൈന്യത്തിന്‍റെ കസ്റ്റഡിയിലുള്ള രാഷ്‌ട്ര നേതാവ് ആങ് സാൻ സൂചിയുടെ തടവ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 15ന് അവസാനിക്കേണ്ട ശിക്ഷയാണ് സൈന്യം നീട്ടിയത്. നിയമ വിരുദ്ധമായ വാക്കി ടോക്കികള്‍ കൈവശം വച്ചെന്ന കുറ്റമാണ് സൂചിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സൈന്യത്തെ തടഞ്ഞാല്‍ 20 വര്‍ഷം തടവ്; മ്യാൻമറില്‍ നിലപാട് കടുപ്പിച്ച് സൈന്യം - ആങ് സാൻ സൂചി
സൈന്യത്തിന്‍റെ കസ്റ്റഡിയിലുള്ള രാഷ്‌ട്ര നേതാവ് ആങ് സാൻ സൂചിയുടെ തടവ് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 15ന് അവസാനിക്കേണ്ട ശിക്ഷയാണ് സൈന്യം നീട്ടിയത്.
അതേസമയം രാജ്യത്ത് ജനകീയ പ്രക്ഷോഭം ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസം മ്യാൻമറില്‍ ഇന്‍റര്‍നെറ്റ് സേവനം പുന:സ്ഥാപിച്ചിരുന്നു. പിന്നാലെ പ്രകടനം കൂടുതല്‍ ശക്തിപ്പെട്ടു. തുടര്‍ച്ചയായ ഒമ്പതാം ദിവസവും തുടരുന്ന പ്രക്ഷോഭത്തിനെതിരെ കടുത്ത നിലപാടാണ് സൈന്യവും പൊലീസും സ്വീകരിച്ചിരിക്കുന്നത്. കാച്ചിൻ സംസ്ഥാനത്തെ മൈറ്റ്‌കിന നഗരത്തിൽ സുരക്ഷാ സേന പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. മേഖലയില്‍ നിന്ന് വെടിയൊച്ചയും കേട്ടിരുന്നു. റബ്ബര്‍ ബുള്ളറ്റാണോ, സാധാരണ ബുള്ളറ്റാണോ ഉപയോഗിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. സ്ഥലത്തുനിന്ന് അഞ്ച് മാധ്യമപ്രവര്‍ത്തകരെ അടക്കം കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ഫെബ്രുവരി ഒന്നിനാണ് രാജ്യത്തിന്‍റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തത്. തുടർന്ന് സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാൻ സൂചിയും പ്രസിഡന്‍റ് വിൻ മിൻടും അടക്കമുള്ള ഭരണകക്ഷി നേതാക്കളെ പട്ടാളം തടങ്കലിലാക്കി. 2020 നവംബർ എട്ടിന് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാംതവണയും മ്യാൻമറിൽ വൻ ഭൂരിപക്ഷത്തിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്‍റ് യോഗം ചേരേണ്ടിയിരുന്ന ഫെബ്രുവരി ഒന്നാണ് പട്ടാളം അട്ടിമറിക്കായി തെരഞ്ഞെടുത്തത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പട്ടാളം പിന്തുണയ്ക്കുന്ന പാർട്ടികളെയാണ് സൂചി പരാജയപെടുത്തിയത്. ഇതാണ് പട്ടാളത്തെ പ്രകോപിപ്പിച്ചതും വീണ്ടുമൊരു അട്ടിമറിക്ക് കാരണമായതും.