കൊളംബോ: കൊളംബോ തുറമുഖത്തിന് സമീപം തീപിടിച്ച കപ്പല്‍ മുങ്ങി. സിംഗപ്പൂർ രജിസ്റ്റർ ചെയ്ത എംവി എക്സ്-പ്രസ് പേൾ എന്ന ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കരയിലേക്ക് വലിച്ചെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് കപ്പല്‍ മുങ്ങിയത്. ആഴമുള്ള പ്രദേശമായതിനാല്‍ കപ്പല്‍ ഇനി ലഭിക്കില്ലെന്നും കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചതായും ശ്രീലങ്കൻ നേവി മീഡിയ വക്താവ് പറഞ്ഞു.
കപ്പലിന്‍റെ പിൻഭാഗം ഇപ്പോൾ 21 മീറ്റർ താഴ്ചയിൽ കടലിന്‍റെ അടിയിൽ സ്പർശിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. കപ്പലിന്‍റെ മുൻഭാഗം പൊങ്ങിക്കിടക്കുകയാണ്. അതേസമയം കപ്പലിൽ നിന്ന് എണ്ണ ഒഴുകുന്നത് തടയാൻ നാവികസേനയും തുറമുഖ അതോറിറ്റിയും ഉൾപ്പെടെ നിരവധി ടീമുകൾ സന്നദ്ധരാണെന്നും മൂന്ന് ഇന്ത്യൻ കപ്പലുകളും കപ്പൽ കൈകാര്യം ചെയ്യാൻ തയാറാണെന്നും നാവികസേന വക്താവ് പറഞ്ഞു.