കാബൂളിൽ റോക്കറ്റാക്രമണത്തിൽ ഒരാൾ മരിച്ചു
ഒരു മാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ റോക്കറ്റ് ആക്രമണമാണിത്.
കാബൂൾ: അഫ്‌ഗാനിലെ കാബൂളിൽ റോക്കറ്റാക്രമണത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കാബൂളിന് കിഴക്ക് ഖ്വാജ റവാഷ് പ്രദേശത്തെ റെസിഡൻഷ്യൽ വീടുകൾക്ക് സമീപം പതിച്ച റോക്കറ്റിൽ നിന്ന് തീ പടർന്നാണ് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തത്. ഹാമിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിനും കാബൂളിലെ ഖ്വാജ റവാഷ് പ്രദേശത്തിനും സമീപം നാല് റോക്കറ്റുകളെങ്കിലും പ്രയോഗിച്ചതായി ആഭ്യന്തരകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. എന്നാൽ റോക്കറ്റുകളുടെ എണ്ണം ആറിലധികം ആണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .കാബൂളിലെ ഖൈർഖാന പ്രദേശത്ത് നിന്നാണ് റോക്കറ്റുകൾ പ്രയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ റോക്കറ്റ് ആക്രമണമാണിത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.