ബാങ്കോക്ക്:നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യാ തായ്‌ലാന്‍റ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തെക്ക് കിഴക്കന്‍ എഷ്യയിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായാണ് തായ്‌ലാന്‍റിനെ പരിഗണിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. തായ് തലസ്ഥാനമായി ബാങ്കോക്കില്‍ നടന്ന പ്രവാസി കൂട്ടായ്‌മയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്ക് കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളുടെ കൂട്ടായ്‌മയായ ആസിയാനിലെ എല്ലാ അംഗരാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. സംയുക്‌തമായ പ്രവര്‍ത്തനങ്ങള്‍ വഴി മേഖലയുടെ പൂര്‍ണമായ വളര്‍ച്ചയും, പുരോഗതിയും ഇന്ത്യ സ്വപ്‌നം കാണുന്നുണ്ടെന്നും മോദി അഭിപ്രായപ്പെട്ടു.ഇതിനായി മേഖലയിലെ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കുമെന്നും, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.