കറാച്ചി: പാകിസ്ഥാന്‍റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ എണ്ണ, ഗ്യാസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം. അര്‍ദ്ധസൈനികരുടെ സുരക്ഷാ അകമ്പടിയോടെ പോയ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു. ഗ്വാഡാർ ജില്ലയിലെ ഒർമാര പട്ടണത്തിലെ സർക്കാർ ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്‍റ് കമ്പനി ലിമിറ്റഡ് (ഒജിഡിസിഎൽ) തൊഴിലാളികൾക്ക് നേരെയാണ് വ്യാഴാഴ്ച ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ തീവ്രവാദികൾക്ക് കനത്ത നാശനഷ്ടമുണ്ടായതായും ആക്രമണത്തിൽ ഏഴ് ഫ്രോണ്ടിയർ കോർപ്സ് സൈനികരും ഏഴ് സ്വകാര്യ സുരക്ഷാ ഗാർഡുകളും കൊല്ലപ്പെട്ടതായും പാകിസ്ഥാൻ സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റര്‍ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്‌പിആർ) സ്ഥിരീകരിച്ചു.
ബലൂചിസ്ഥാനില്‍ തീവ്രവാദി ആക്രമണം; ഏഴ് പാകിസ്ഥാന്‍ സൈനികര്‍ ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടു - പാക്കിസ്ഥാന്‍
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടി
ബലൂചിസ്ഥാൻ-ഹബ്-കറാച്ചി തീരദേശ ഹൈവേയിലെ ഒർമാരയ്ക്ക് സമീപമുള്ള മലകളിൽ നിന്നാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. കനത്ത വെടിവെപ്പ് നടന്നു. ഇത് ആസൂത്രിതമായ ആക്രമണമാണെന്നും കറാച്ചിയിലേക്ക് പോകുന്ന സൈനികരെക്കുറിച്ച് തീവ്രവാദികൾക്ക് മുൻകൂട്ടി വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 60 ബില്യൺ യുഎസ് ഡോളർ ചിലവഴിച്ചുള്ള ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ (സിപിഇസി) വികസന പദ്ധതികളുടെ കേന്ദ്രബിന്ദുവാണ് ഗ്വാഡാർ തുറമുഖം. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും തുറമുഖ നഗരത്തിൽ കനത്ത സുരക്ഷാ പരിരക്ഷയിൽ പ്രവർത്തിക്കുന്നുണ്ട്. സുരക്ഷാ സേന പ്രദേശം മുഴുവൻ വളഞ്ഞതായും ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി റേഡിയോ പാകിസ്ഥാൻ അറിയിച്ചു.