ഇസ്ലാമാബാദ്:കശ്‌മീര്‍ വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ഉന്നയിക്കാന്‍ ആരുമില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍റെ പരാമര്‍ശം. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വ്യാപാര താല്‍പര്യങ്ങള്‍ മാത്രമാണുള്ളതെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. കശ്‌മീര്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതി കഴിഞ്ഞ ദിവസം തറപ്പിച്ചു പറഞ്ഞത് വിഷയം അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാനുള്ള പാക് ശ്രമങ്ങള്‍ക്കുള്ള വന്‍ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രസ്‌താവന.
"കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ആരുമില്ല"; ഒറ്റപ്പെടല്‍ സമ്മതിച്ച് ഇമ്രാന്‍ ഖാന്‍ - ഇമ്രാന്‍ ഖാന്‍ വാര്‍ത്ത
മേഖലയില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും, ഇന്ത്യ വലിയ മാര്‍ക്കറ്റ് ആയതിനാല്‍ വിദേശരാജ്യങ്ങളൊന്നും കശ്‌മീര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
"ഇന്ത്യ വലിയ മാര്‍ക്കറ്റാണ്, അതുകൊണ്ടാണ് വിദേശ രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെടാത്തത്. വ്യാപാരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വിദേശ രാജ്യങ്ങള്‍ എട്ട് കോടി കശ്‌മീരികള്‍ക്കും, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നില്ല" - ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കിയ മാധ്യമങ്ങള്‍ കശ്‌മീര്‍ വിഷയത്തെ പരിഗണിച്ചില്ലെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. അഭിമുഖത്തില്‍ കൂടുതല്‍ സമയവും ഇന്ത്യയെ കുറ്റപ്പെടുത്താനാണ് പാക് പ്രധാനമന്ത്രി ശ്രമിച്ചത്. പാകിസ്ഥാന്‍റെ സമാധാന ശ്രമങ്ങളെ ഇന്ത്യ അവഗണിച്ചുവെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.
മേഖലയില്‍ സംഭവിക്കുന്നതെന്താണെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറഞ്ഞ നേതാവ് താനാണ്. ആര്‍എസ്എസ്സിന്‍റെ തീവ്രമായ ഹിന്ദുത്വ അജണ്ടയിലൂടെയാണ് ഇന്ത്യ മുന്നോട് പോകുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 1925ല്‍ സ്ഥാപിച്ച ആര്‍എസ്എസ് ജര്‍മനിയിലെ നാസി ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപീകരിക്കപ്പെട്ട സംഘടനയാണ്. മുസ്ലിം, ക്രിസ്‌ത്യന്‍ വിഭാഗങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളാണ് അവര്‍ക്കുള്ളതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. താന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അനുകൂലമായ യാതൊരു പ്രതികരണവും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.