ഇസ്ലാമാബാദ്:പാകിസ്ഥാനിലെ ആശുപത്രിയില്‍ അഭിഭാഷകരുടെ അതിക്രമത്തെ തുടര്‍ന്ന് 12 രോഗികൾ മരിച്ചതായും 25ഓളം ഡോക്‌ടര്‍മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അഭിഭാഷകരുടെ അതിക്രമം. അഭിഭാഷകര്‍ അത്യാഹിത വാര്‍ഡിലെ യന്ത്രങ്ങൾ തകര്‍ത്തതായും മരുന്നുകൾ നശിപ്പിച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. അക്രമികൾ ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഓപ്പറേഷന്‍ പ്രവര്‍ത്തനങ്ങൾ പാതിവഴിയില്‍ നിര്‍ത്തുകയും ചെയ്‌തു.
ആശുപത്രിയില്‍ അഭിഭാഷകരുടെ അതിക്രമം: ലാഹോറില്‍ 12 രോഗികൾ മരിച്ചു - Lahore Lawyers storm
പാകിസ്ഥാനിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ പ്രതിഷേധിച്ചായിരുന്നു നൂറുക്കണക്കിന് അഭിഭാഷകര്‍ ആശുപത്രി അക്രമിച്ചത്. ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് ആംബുലന്‍സുകളിലെത്തിയ നിരവധി രോഗികൾക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ആശുപത്രിയിലെത്തിയ പഞ്ചാബ് വിവരവിനിമയ വകുപ്പ് മന്ത്രി ഫയ്യാസുല്‍ ഹസന്‍ ചൗഹാനെ അഭിഭാഷകര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആരംഭിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പഞ്ചാബ് മുഖ്യമന്ത്രി ഉസ്‌മാന്‍ ബുസ്‌ദാറിന് നിര്‍ദേശം നല്‍കി.