ഹൈദരാബാദ്: ശ്രീലങ്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജനവിധി ഗോതാബയ രാജപക്സെക്കനുകൂലം. ശ്രീലങ്കന്‍ പൊതുജന പെരുമുഖ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഗോതാബയ രാജപക്സെ 60 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം സാമ്പത്തികമായും രാഷ്ടീയമായും തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് ശ്രീലങ്ക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
ഗോതാബയ രാജപക്സെ എട്ടാമത് ശ്രീലങ്കന്‍ പ്രസിഡന്‍റ് - Rajapaksa wins the election
ഭരണകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി.
മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയുമായിരുന്നു ഗോതാബായ രാജപക്സെ. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് ഭരണകൂടം അറിയിച്ചു. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ സിംഹള വോട്ടുകളാണ് രാജപക്സെയെ തുണച്ചത്. ഭരണകക്ഷിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സജിത് പ്രേമദാസയായിരുന്നു പ്രധാന എതിരാളി. 35 സ്ഥാനാര്‍ഥികളായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി അണുര കുമാര ദിസ്സാനകെയാണ് മൂന്നാം സ്ഥാനത്ത്.
തമിഴ്‌പുലികളുമായി ആഭ്യന്തര യുദ്ധം നിലനിന്നിരുന്ന സമയത്ത് ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോതബയ രാജപക്സെ. 26 വര്‍ഷം നീണ്ട് നിന്ന ആഭ്യന്തര യുദ്ധം അവസാനിക്കുന്നതില്‍ ഗോതബയ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഗോതാബയ രാജപക്സെയെ ഇന്ത്യന്‍ പ്രധാനമന്ത്രി നരോന്ദ്ര മോദി അഭിനന്ദിച്ചു.