ബിഷേക്:സായുധ പോരാട്ടങ്ങളാല്‍ കുപ്രസിദ്ധമായ കിര്‍ഗിസ്ഥാന്‍ - താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ സാധാരണമാകുകയാണ്. ഏറ്റവും പുതിയ ഏറ്റുമുട്ടലുകളില്‍ 13 പേരാണ് കിര്‍ഗിസ്ഥാന്‍ ഭാഗത്ത് മാത്രം കൊല്ലപ്പെട്ടത്. 134ല്‍ അധികം പേര്‍ക്ക് പരിക്കുമേറ്റു. കിര്‍ഗിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണിവ. താജികിസ്ഥാന്‍ ഭാഗത്തെ ആള്‍നാശത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല.
വീണ്ടും രക്തരൂക്ഷിതമായി കിര്‍ഗിസ്ഥാന്‍-താജികിസ്ഥാന്‍ അതിര്‍ത്തി - കിര്‍ഗിസ്ഥാന്‍-താജികിസ്ഥാന്‍ സംഘര്‍ഷം
13 പേരാണ് കിര്‍ഗിസ്ഥാന്‍ ഭാഗത്ത് മാത്രം കൊല്ലപ്പെട്ടത്. 134 ല്‍ അധികം പേര്‍ക്ക് പരിക്കുമേറ്റു.
ബുധനാഴ്ച ബാട്കന്‍ അതിര്‍ത്തി മേഖലയിലാണ് പ്രധാനമായും സംഘര്‍ഷമുണ്ടായത്. ഇവിടെ വൈദ്യുത പോസ്റ്റുകളില്‍ സിസിടിവി ഘടിപ്പിക്കാനുള്ള താജികിസ്ഥാന്‍ സൈനികരുടെ ശ്രമം കിര്‍ഗിസ്ഥാന്‍ സൈന്യം തടയുകയും പോസ്റ്റ് മുറിച്ചിടാനും ശ്രമിച്ചു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ത്തല്ലുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഏറ്റുമുട്ടല്‍ ശക്തി പ്രാപിക്കുകയും ഇരു വിഭാഗങ്ങളും തമ്മില്‍ വെടിയുതിര്‍ക്കാനും ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന സായുധ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അതിര്‍ത്തിയില്‍ സംയുക്ത പട്രോളിങ്ങ് നടത്താനും തീരുമാനമായി.
സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്ക് ശേഷം സ്വതന്ത്രമായ ഇരുരാജ്യങ്ങളും തമ്മില്‍ വ്യക്തമായി രേഖപ്പെടുത്തിയ അതിര്‍ത്തികളില്ലാത്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. രണ്ട് ഭാഗത്തെയും സൈനികരും സാധാരണ ജനങ്ങളും തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഏറ്റുമുട്ടലുകളുണ്ടാകാറുമുണ്ട്. പലപ്പോഴും കുടിവെള്ള സ്രോതസുകളെച്ചൊല്ലിയും പ്രദേശങ്ങളുടെ അധികാരത്തെച്ചൊല്ലിയുമാണ് തര്‍ക്കങ്ങള്‍ ഭൂരിപക്ഷവും.