കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ ഒമ്പതിന് തുറക്കുമെന്ന് ഇമ്രാന്‍ ഖാന്‍ - കര്‍താര്‍പൂര്‍ ഇടനാഴി
പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താര്‍പുര്‍ ഇടനാഴി. നാല് കിലോമീറ്റര്‍ നീളമുള്ള കര്‍താര്‍പുര്‍ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും.
ഇസ്ലാമാബാദ് (പാകിസ്ഥാന്‍): കര്‍താര്‍പൂര്‍ ഇടനാഴി നവംബര്‍ ഒമ്പതിന് തുറക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍താര്‍പൂര്‍ ഇടനാഴി. നാല് കിലോമീറ്റര്‍ നീളമുള്ള കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. സിഖ് മതസ്ഥാപകനായ ഗുരു നാനാക് തന്‍റെ അവസാന 18 വര്‍ഷങ്ങള്‍ ചെലവഴിച്ച സ്ഥലമാണ് കര്‍താര്‍പൂര്‍ സാഹിബ്. നവംബര്‍ 12നാണ് ഗുരുവിന്‍റെ 550-ാം ജന്മവാര്‍ഷികം.
ലോകത്തെ ഏറ്റവും വലിയ ഗുരുദ്വാരയിലേക്ക് ലോകമെമ്പാടുമുള്ള സിഖ് വിശ്വാസികളെ ഇമ്രാന്‍ ഖാന്‍ സ്വാഗതം ചെയ്‌തു. രാജ്യത്തെ ടൂറിസം വികസനത്തില്‍ ഇടനാഴി നിര്‍ണായക സ്വാധീനം ചെലുത്തുമെന്നും രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതിനും ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ഇടനാഴി വഴിവെക്കുമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇടനാഴിയുടെ ഉദ്‌ഘാടനത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.