ടോക്കിയോ: ജപ്പാനിൽ ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യമന്ത്രി. ബ്രസീലിൽ നിന്നുമെത്തിയവരിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്‌തതെന്നും ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും റിപ്പോർട്ട് ചെയ്‌തവയിൽ നിന്നും വ്യത്യസ്‌തമായ ജനിതകഘടനയുള്ള വൈറസിനെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിൽ ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്‍റെ സാന്നിധ്യം
ബ്രസീലിൽ നിന്ന് ജപ്പാനിലേക്ക് എത്തിയ ആളുകളിലാണ് ബ്രിട്ടണിലും സൗത്ത് ആഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നും വ്യത്യസ്‌തമായ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയത്
വിമാനത്താവളത്തിൽ വച്ച് നടത്തിയ പരിശോധനയിലാണ് 40കാരനും 30കാരിക്കും രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് മെഡിക്കൽ വിദഗ്‌ധർ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിനെപ്പറ്റിയുള്ള പരിശോധന തുടരുകയാണ്. പുതുതായി നിർമിക്കുന്ന വാക്‌സിൻ ജനിതകമാറ്റം സംഭവിച്ച വൈറസിന് ഫലപ്രദമാണോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.
തിരികെയെത്തിയ സമയത്ത് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ദിവസങ്ങൾക്ക് ശേഷം ഇവർക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ജപ്പാനിൽ 30ഓളം ജനിതകമാറ്റം വന്ന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ടോക്കിയോയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 4000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.