ലാഹോര്‍ (പാകിസ്ഥാന്‍): പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ്‌ലാമി അമീര്‍ (തലവൻ). സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന്‍റെ നിലവിലെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഏക പരിഹാരം പ്രധാനമന്ത്രി രാജ്യം വിടുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീര്‍ സിറാജുൽ ഹഖ് പറഞ്ഞു. രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹഖ് ആവശ്യപ്പെട്ടു.
ലാഹോറിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹഖ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വർധിപ്പിച്ചതിനെതിരെയും ജമാഅത്തെ ഇസ്‌ലാമി മേധാവി വിമര്‍ശിച്ചു. 'ഇമ്രാൻ ഖാനും പാകിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. ഇമ്രാന്‍ ഖാന്‍ രാജ്യം വിടുകയെന്നത് മാത്രമാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള ഏക പരിഹാരം,' ഹഖ് പറഞ്ഞു.