കേരളം

kerala

ETV Bharat / international

കുൽഭൂഷൺ ജാദവ് കേസിൽ നാളെയും വാദം തുടരും - പാക് സൈനിക കോടതി

കുല്‍ഭൂഷന് വധശിക്ഷ വിധിച്ചത് വിയന്നാ കരാറിന്‍റെ ലംഘനം. പാകിസ്ഥാൻ വിചാരണരേഖ കൈമാറാത്തതും കോടതിയിൽ ഇന്ത്യ ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നീതിന്യായ കോടതി

By

Published : Feb 18, 2019, 9:29 PM IST

കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക് സൈനിക കോടതി വിധിയും കോടതി നടപടികളും വിയന്നാ കരാറിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്താരാഷ്ട്ര നീതി ന്യായക്കോടതിയില്‍ ഇന്ത്യക്കായി ഹരീഷ് സാല്‍വെ വാദിച്ചത്. വിയന്നാ കരാറിന്‍റെ 36ാം അനുശ്ചേദം സമാനമായ കേസുകളിലും കോണ്‍സുലര്‍ സഹായം നിഷ്കര്‍ഷിക്കുന്നുണ്ട്. പിന്നെന്തുകൊണ്ട് കുല്‍ഭൂഷണ് ആ അവകാശം നിഷേധിച്ചുവെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കണം. കോണ്‍സുലര്‍ സഹായം നല്‍കാന്‍ മൂന്ന് മാസത്തോളം വൈകിയത് കരാറിന്‍റെ നഗ്നമായ ലംഘനമാണ്. സാധ്യമായ എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനം നടന്നിട്ടുള്ള കേസില്‍ പാക് സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിൽ എടുത്ത കുൽഭൂഷണിന്‍റെ അറസ്റ്റ് ദിനം എന്നാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് വിവരം ഇന്ത്യയെ അറിയിച്ചില്ല. വിചാരണരേഖ കൈമാറാത്തതും കോടതിയിൽ സാൽവെ ചൂണ്ടിക്കാട്ടി. കുൽഭൂഷൺ കേസിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൂടിക്കാഴ്ചക്കുള്ള അനുമതി നിഷേധിച്ചു. ചുമത്തിയ കുറ്റകൃത്യങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ പാകിസ്ഥാൻ തയ്യാറായില്ലെന്നും ഇന്ത്യ വാദിച്ചു.

അന്വേഷണവുമായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നറിയിച്ചിട്ടും കുല്‍ഭൂഷണിനെതിരെ തെളിവ് ഹാജരാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. തെളിവുകളുടെ അഭാവത്തില്‍പ്പോലും കുല്‍ഭൂഷണെ അന്താരാഷ്ട്ര സമൂഹത്തില്‍ ഇന്ത്യന്‍ ചാരനായി അവതരിപ്പിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. കുല്‍ഭുഷണിന്‍റെ കുറ്റസമ്മതം കെട്ടിച്ചമച്ചതാണെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു.

നാളെ പാക്കിസ്ഥാന്‍റെ വാദം കോടതിയില്‍ ആരംഭിക്കും. മുസ്ലിം പേരിലെടുത്ത പാസ്പോർട്ട് കണ്ടെത്തിയിട്ടുണ്ടന്നും ബലൂചിസ്ഥാനിൽ ചാര പ്രവൃത്തി നടത്തിയതില്‍ തെളിവുണ്ടെന്നുമാകും പാകിസ്ഥാൻ കോടതിയിൽ വാദിക്കുക. മൂന്നുമണിക്കൂറാണ് പാകിസ്ഥാന് നല്‍കുക. നാലു ദിവസത്തെ വാദം കേള്‍ക്കലില്‍ ആദ്യ രണ്ട് ദിവസത്തെ വാദങ്ങള്‍ക്ക് ശേഷം മൂന്നും നാലും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും മറുപടി നൽകും.

അതേസമയം കോടതി മുറിയില്‍ ഇന്ത്യന്‍ വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി ദീപക്ക് മിത്തല്‍ പാക്കിസ്ഥാന്‍ അഡ്വക്കേറ്റ് ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാനുമായി ഹസ്തദാനം ചെയ്യാഞ്ഞത് ശ്രദ്ധേയമായി.

ABOUT THE AUTHOR

...view details