ജറുസലേം: പശ്ചിമേഷ്യയില്‍ വീണ്ടും ഇസ്രായേലും ഹിസ്ബുള്ളയും നേര്‍ക്കു നേര്‍ വരികയാണ്. എഴ് വര്‍ഷത്തോളം നീണ്ട ഇടവേളക്ക് ശേഷമാണ് ആക്രമണ പ്രത്യാക്രമണവുമായി നിരന്തര ശത്രുക്കള്‍ രംഗത്തെത്തിയത്. ലെബനന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ അനുകൂല ഷിയാ തീവ്രവാദ സംഘമായ ഹിസ്ബുള്ള തെക്കന്‍ ലെബനില്‍ നിന്നും ഇസ്രായേല്‍ സൈനിക താവളങ്ങളിലേക്ക് ടാങ്ക് വേധ മിസൈലുകള്‍ പ്രയോഗിച്ചു. പിന്നാലെ ഹെലികോപ്റ്ററുകളും പീരങ്കികളുമുപയോഗിച്ച് ഇസ്രായേല്‍ തിരിച്ചടിച്ചു.
ഇസ്രായേലും ഹിസ്ബുള്ളയും വീണ്ടും നേര്‍ക്കുനേര്‍ - ഹിസ്ബുള്ള
ഇസ്രായേല്‍ സൈനികരെ വധിച്ചെന്ന് ഹിസ്ബുള്ള. എല്ലാ സൈനികരും സുരക്ഷിതരെന്ന് ഇസ്രായേല്‍.
ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രായേല്‍ സൈന്യം പക്ഷെ സൈനികര്‍ മരിച്ചെന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ആക്രമണത്തില്‍ ഒരു സൈനിക ആംബുലന്‍സ് മാത്രമാണ് തകര്‍ന്നതെന്നും ആളപായമില്ലെന്നും ഇസ്രായേലി സൈനിക വൃത്തങ്ങള്‍ പറയുന്നു. ആക്രമണത്തിന് മറുപടിയായി നൂറോളം ഷെല്ലുകള്‍ ഹിസ്ബുള്ളാ കേന്ദ്രങ്ങളില്‍ പ്രയോഗിച്ചതായി സൈനിക വക്താവ് ലഫ്റ്റനന്‍റ് കേണൽ ജോനാഥൻ കോൺറിക്കസ് വ്യക്തമാക്കി.
അതേ സമയം ഷെല്ലിംഗ് നടത്തിയ മേഖലയില്‍ ഇസ്രായേലിന്‍റെ ടാങ്ക് തകര്‍ത്തതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ടാങ്കിനുള്ളിലുണ്ടായിരുന്ന ഇസ്രായേലി സൈനികരെ വധിച്ചതായും സംഘടന വ്യക്തമാക്കി. ഈ വാദവും ഇസ്രായേലി സൈന്യം നിഷേധിച്ചു. എല്ലാ സൈനികരും സുരക്ഷിതരാണെന്നും ആര്‍ക്കും ജീവന്‍ നഷ്ടമാകുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ഇസ്രായേല്‍ അറിയിച്ചു. ഹിസ്ബുള്ളാ പക്ഷത്ത്ആളപായമുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോഴും വ്യക്തമല്ല.