ചൈനയില്‍ നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ഇറാഖ് - വുഹാന്‍
ചൈനയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള മുന്‍കരുതല്‍ നടപടിയാണെന്നാണ് ഇറാഖിന്‍റെ വിശദീകരണം
ബാഗ്‌ദാദ്: കൊറോണ വൈറസ് ലോകവ്യാപകമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഇറാഖ്. ചൈനയില്‍ നിന്നുള്ളവരെ രാജ്യത്ത് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഇറാഖ് സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ കരുതിയുള്ള മുന്‍കരുതല്‍ നടപടിയാണെന്നാണ് ഇറാഖിന്‍റെ വിശദീകരണം. രോഗം ആദ്യം പ്രത്യക്ഷപ്പെട്ട വുഹാനില്‍ അമ്പത് ഇറാഖി പൗരന്‍മാരുണ്ട്. ഇവരെ ഇറാഖിലേക്ക് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. ഇറാഖില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയിലെ വുഹാനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യത്തോടെയാണ് വൈറസ് മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാന്‍ ആരംഭിച്ചത്. പിന്നാലെ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 300ല്‍ അധികം പേരാണ് ചൈനയില്‍ മാത്രം രോഗബാധയേറ്റ് മരണപ്പെട്ടത്. 14,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മലയാളികളാണ്.