സിംഗപ്പൂര്‍ :കൊവിഡ് ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ഐരാവത് സിംഗപ്പൂരില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. 3,650 ഓക്സിജൻ സിലിണ്ടറുകളും ഓക്സിജൻ കോൺസൻട്രേറ്ററുകളുമായി ചാംഗി നേവൽ ബേസിൽ നിന്നാണ് കപ്പൽ യാത്ര തിരിച്ചത്. ടാറ്റാ ഗ്രൂപ്പ്, ഐടിസി, ലിൻഡെ ഗ്യാസ് ലിമിറ്റഡ് എന്നിവയുടെ എട്ട് ഐഎസ്ഒ ക്രയോജനിക് ഓക്സിജൻ ടാങ്കുകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് കൊവിഡ് വർധിച്ചുവരുന്ന കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും ഓക്സിജനും മറ്റ് മെഡിക്കൽ സൗകര്യങ്ങളും എത്തിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ സമുദ്ര സേതു 2ന്‍റെ ഭാഗമായി മെയ് രണ്ടിനാണ് വിശാഖിൽ നിന്നും കപ്പൽ സിംഗപ്പൂരില്‍ എത്തിയത്.
മെഡിക്കൽ സഹായം ഇന്ത്യയ്‌ക്ക് ലഭിച്ചതിന് പിന്നിൽ സിംഗപ്പൂരിലെ ഐഐടി അലൂമ്നി അസോസിയേഷന്‍റെ പരിശ്രമമാണ്. സിംഗപ്പൂർ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്ഐസിസിഐ), അദാനി ഗ്ലോബൽ, വിൽഹെൽംസൺ ഷിപ്പ്സ് സർവീസസ്, ഡ്യുപോണ്ട് സസ്‌റ്റൈനബിൾ സൊല്യൂഷൻസ്, ഗ്ലോബൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്‌കൂൾ ഓഫ് സിംഗപൂർ, ഡിബിഎസ് ബാങ്ക്, എസ്ഇഎ ഗ്രൂപ്പ്, വിൽമാർ ഇന്‍റർനാഷണൽ അന്‍റ് ഗാലക്‌സി കണ്ടെയ്നർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇതിന് പിന്നിലെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊവിഡ് പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ സഹായം സമാഹരിച്ച സിംഗപ്പൂരിലെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഹൈക്കമ്മീഷൻ അഭിനന്ദനം അറിയിച്ചു. ഇന്ത്യൻ-സിംഗപ്പൂര്‍ ഏജൻസികൾ തമ്മിൽ സമയബന്ധിതവും തടസ്സമില്ലാത്തതുമായ പ്രവർത്തന ഏകോപനത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി.