ജക്കാർത്ത: ഫ്ലോറസ് ദ്വീപിന് സമീപമുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ഇന്തോനേഷ്യയിൽ സുനാമി മുന്നറിയിപ്പ്. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫ്ലോറസ് ദ്വീപിന് സമീപം കിഴക്കൻ നുസ തെങ്കാരയിലുണ്ടായത്.
ഇതിന് പിന്നാലെ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിന് 1000 കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ സുനാമിക്ക് സാധ്യതയുള്ളതായി യുഎസ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
ALSO READ:ജയ്‌പൂരില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 42
ഈ വർഷം മെയ് മാസത്തിൽ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിന് വടക്കുപടിഞ്ഞാറൻ തീരത്ത് 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. 2004 ഡിസംബർ 26നാണ് ഇന്തോനേഷ്യയിൽ അവസാനമായി ഒരു ഭൂചലനം സുനാമിക്ക് കാരണമായത്. വടക്കുപടിഞ്ഞാറൻ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളുൾപ്പെടെ 230,000ത്തിലധികം പേരുടെ മരണത്തിന് കാരണമായിരുന്നു.