ജക്കാർത്ത:ബോർണിയോ ദ്വീപിൽ നിർമിക്കുന്ന ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനത്തിന്‍റെ നിർമാണം 2020ൽ ആരംഭിക്കുമെന്ന് രാജ്യത്തെ ഭവന, പൊതുമരാമത്ത് മന്ത്രി ബസുകി ഹഡിമുൽജോനോ. കൽക്കരി, എണ്ണ കയറ്റുമതി എന്നിവക്ക് പേരു കേട്ട തീരദേശ നഗരങ്ങളായ സമരിന്ദ, ബാലിക്പപൻ എന്നീ സ്ഥലങ്ങള്‍ക്കടുത്താണ് പുതിയ തലസ്ഥാനം നിർമിക്കുക.
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനത്തിന്‍റെ നിർമാണം 2020ൽ ആരംഭിക്കും - ജക്കാർത്ത
10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ജക്കാർത്ത നഗരം പ്രതിവർഷം 25 സെന്‍റിമീറ്റർ വരെയാണ് സമുദ്രനിരപ്പിലേക്ക് താഴുന്നത്
പുതിയ തലസ്ഥാന നഗരത്തിന്‍റെ നിർമാണം മൂന്ന് ഘട്ടങ്ങളായാണ് നടക്കുക. ഈ വർഷം റോഡുകൾ, ശുദ്ധജലം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയും 2020ൽ കെട്ടിടങ്ങളുടെ നിർമാണവും തുടങ്ങുമെന്ന് ഹഡിമുൽജോനോ പറഞ്ഞു. സംസ്ഥാന നിർമാണത്തിനായി ആകെ 1,80,000 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. ഇതിർ 40,000 ഹെക്ടർ ഭൂമിയില്‍ സർക്കാർ ഓഫീസുകൾ നിർമിക്കും.
കാലാവസ്ഥാ ഭീഷണി നേരിടുന്ന ജക്കാത്തയിലെ മെഗലോപോളിസിൽ നിന്ന് 2024ലോടെ രാജ്യത്തിന്‍റെ തലസ്ഥാനം ജനവാസം കുറഞ്ഞ ബോർണിയോ ദ്വീപിലേക്ക് പൂർണമായും മാറ്റും. നിലവിലെ തലസ്ഥാനമായ ജക്കാർത്തയിൽ 10 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. ചതുപ്പുനിലത്ത് നിർമ്മിച്ചിരിക്കുന്ന ഈ നഗരം പ്രതിവർഷം 25 സെന്‍റിമീറ്റർ വരെ സമുദ്രനിരപ്പിലെക്ക് താഴുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ നഗരത്തിന്‍റെ പകുതിയും സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്.