ജക്കാർത്ത:ഇന്തോനേഷ്യയിൽ ജക്കാർത്തക്ക് അടുത്തുള്ള ജയിലിൽ ബുധനാഴ്‌ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 41 തടവുകാർ വെന്തുമരിച്ചു, 39 പേർക്ക് പരിക്കേറ്റു. തലസ്ഥാനത്തെ പ്രാന്തപ്രദേശത്തുള്ള തൻഗെരാങ് ജയിലിലെ ബ്ലോക്ക് സിയിൽ നിന്നും തീ പടർന്നുപിടിച്ചാണ് അപകടം.
മയക്കുമരുന്ന് കുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള ജയിലിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിന്‍റെ കാരണം അധികൃതർ ഇപ്പോഴും അന്വേഷിക്കുകയാണെന്ന് നീതിന്യായ മന്ത്രാലയത്തിലെ റിക അപ്രിയന്തി പറഞ്ഞു.
തൻഗെരാങ് ജയിലിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ നൂറുകണക്കിന് പൊലീസുകാരെയും സൈനികരെയും വിന്യസിച്ചിരുന്നു. 1,225 തടവുകാർക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ജയിലില്‍ 2,000ൽ അധികം ആളുകളെയാണ് പാർപ്പിച്ചിരുന്നത്. അപകടസമയത്ത് ബ്ലോക്ക് സിയിൽ 122 അന്തേവാസികൾ ഉണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം തീ അണച്ചതായും അപകടത്തില്‍പ്പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും വക്താവ് വ്യക്തമാക്കി.
Also Read: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം; നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്‌ടം
രാജ്യത്തെ ജയിലുകളിൽ കലാപങ്ങളും ജയില്‍ച്ചാട്ടവും സാധാരണമാണ്. സാമ്പത്തികസഹായങ്ങളില്ലാത്തതിനാൽ തന്നെ കൂടുതൽ അന്തേവാസികളെ പാർപ്പിക്കുന്നതിനുള്ള സൗകര്യം ഇവിടെയില്ല. എന്നാൽ, മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നിരവധി കുറ്റവാളികളാണ് ഇവിടെയുള്ളത്.